കേരള ലോട്ടറിക്കെതിരെയുള്ള വ്യാജപ്രചാരണം തടയാനും വിപണനരീതി കാലാനുസൃതമാക്കാനും സാമൂഹ്യമാധ്യമങ്ങളെക്കൂടി ഉപയോഗപ്പെടുത്താനൊരുങ്ങി ലോട്ടറി വകുപ്പ്. നറുക്കെടുപ്പ് നടപടിയില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയവയിലൂടെ തത്സമയം സംപ്രേഷണം നടത്താനും പദ്ധതിയുണ്ട്. സെറ്റ് ലോട്ടറി, എഴുത്ത് ലോട്ടറി തുടങ്ങിയ അനാശാസ്യ പ്രവണതകള്‍ക്കെതിരെ പ്രചാരണവും നടത്തുമെന്ന് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജുകളിലെ പ്രൊഫസര്‍മാര്‍ അടക്കമുള്ള സാങ്കേതിക സമിതി പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയ യന്ത്രമാണ് നിലവില്‍ നറുക്കെടുപ്പിന് ഉപയോഗിക്കുന്നത്. തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനില്‍ സുരക്ഷിതമായി സൂക്ഷിച്ചിട്ടുള്ള യന്ത്രം സംശയമുള്ള ആര്‍ക്കും പരിശോധിക്കാം.
വിധിനിര്‍ണയ സമിതിയുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്. വില്‍ക്കാത്ത ടിക്കറ്റാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ വീണ്ടും നറുക്കെടുക്കും. വിറ്റ ടിക്കറ്റിനുതന്നെയാണ് സമ്മാനം ലഭിക്കുന്നതെന്ന് ഉറപ്പാക്കുന്നതുവരെ നറുക്കെടുപ്പ് തുടരും. ഇത് ടെലിവിഷന്‍ ചാനലുകളടക്കം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ടെന്നും ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.