സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍ തുടങ്ങും. ഇന്നും നാളെയും മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. സെപറ്റ്ംബര്‍ നാലു മുതല്‍ ഏതു റേഷന്‍ കടകളില്‍ നിന്നും കാര്‍ഡ് ഉടമകള്‍ക്ക് കിറ്റുകള്‍ വാങ്ങാം. ഏഴാം തീയതിക്ക് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല.
ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. ഇന്നു മുതലാണ് കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് വിതരണം ചെയ്യുന്നത്. ആദ്യ ദിവസങ്ങളില്‍ മുന്‍ഗണനാവിഭാഗങ്ങള്‍ക്കാണ് കിറ്റ് നല്‍കുക. ഇന്നും നാളെയും മഞ്ഞ കാര്‍ഡുടമകള്‍ക്കും 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കും കിറ്റ് വിതരണം ചെയ്യും.
29, 30, 31 തീയതികളില്‍ നീല കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ വെള്ള കാര്‍ഡുടമകള്‍ക്കും ഭക്ഷ്യക്കിറ്റുകള്‍ വിതരണം നടത്തും. നിശ്ചയിക്കപ്പെട്ട തീയതികളില്‍ വാങ്ങാന്‍ കഴിയാത്ത എല്ലാ കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 4, 5, 6, 7 തീയതികളില്‍ വാങ്ങാം. ഈ ദിവസങ്ങളില്‍ ഏതു റേഷന്‍ കടയില്‍ നിന്നും കിറ്റുകള്‍ വാങ്ങാം. സെപ്റ്റംബര്‍ 4 ഞായറാഴ്ച റേഷന്‍ കടകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കും.
സെപ്റ്റംബര്‍ 7-ാം തീയതിക്കു ശേഷം സൗജന്യ ഭക്ഷിക്കിറ്റുകളുടെ വിതരണം ഉണ്ടായിരിക്കില്ല. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള എല്ലാ ക്ഷേമസ്ഥാപനങ്ങളില്‍ ഭക്ഷ്യക്കിറ്റുകള്‍ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുഖേന വാതില്‍പ്പടിയായി എത്തിക്കും. ക്ഷേമസ്ഥാപനങ്ങളിലെ 4 പേര്‍ക്ക് 1 കിറ്റ് എന്ന നിലയിലായിരിക്കും കിറ്റുകള്‍ നല്‍കുക. 119 ആദിവാസി ഊരുകളില്‍ ഉദ്യോഗസ്ഥര്‍ വാതില്‍പ്പടിയായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം നടത്തും.