Thursday, April 3, 2025

കേരള പോലീസിന്റെ പുതിയ സാരഥി; ദുര്‍ഘട പാതകളില്‍ കരുത്താകാന്‍ ‘ഫോഴ്‌സ് ഗൂര്‍ഖ’

ദുര്‍ഘടപ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നതിന് സഹായകരമായ 46 പുതിയ പോലീസ് ജീപ്പുകള്‍ കേരളത്തിലെ വിവിധ സ്റ്റേഷനുകള്‍ക്ക് കൈമാറി. ഫോഴ്സ് കമ്പനിയുടെ ഗൂര്‍ഖ എന്നറിയപ്പെടുന്ന വാഹനങ്ങളാണ് വിവിധ സ്റ്റേഷനുകള്‍ക്ക് ലഭ്യമാക്കിയത്. എഡിജിപി മനോജ് എബ്രഹാം കമ്പനി പ്രതിനിധികളില്‍നിന്ന് വാഹനങ്ങള്‍ ഏറ്റുവാങ്ങി പോലീസ് സ്റ്റേഷനുകള്‍ക്ക് കെമാറി. നക്സല്‍ ബാധിത പ്രദേശങ്ങളിലെയും സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്ന പ്രദേശങ്ങളിലേയും പോലീസ് സ്റ്റേഷനുകള്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്.

പ്രളയകാലത്തുള്‍പ്പെടെ മലയോര മേഖലകളിലെ പോലീസ് സ്‌റ്റേഷനുകളിലെ പോലീസുകാര്‍ക്ക് യഥാസമയം ദുരന്തമേഖലകളില്‍ എത്തിപ്പെടാനും ഈ വാഹനം സഹായകമാവും എന്ന് കരുതുന്നു. ഓണ്‍ റോഡിലും ഓഫ് റോഡിലും ഒരുപോലെ ഉപയോഗിക്കാവുന്ന വാഹനമാണിത്. ഫോര്‍വീല്‍ ഡ്രൈവ് എ.സി വാഹനത്തില്‍ ആറു പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പോലീസ് നവീകരണപദ്ധതി എന്നിവപ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില.

ഫോഴ്‌സ് ഗൂര്‍ഖ

ഫോഴ്‌സ് മോട്ടോഴ്സിന്റെ പരുക്കന്‍ എസ്യുവിയായ ഗൂര്‍ഖ അതിന്റെ ഓഫ്-റോഡിംഗ് കഴിവുകള്‍ക്ക് ശ്രദ്ധേയമായ മോഡലാണ്. 2021 സെപ്റ്റംബറില്‍ ആണ് ഫോഴ്‌സ് മോട്ടോഴ്‌സ് പുതിയ ഗൂര്‍ഖ എസ്‌യുവിയെ വിപണിയില്‍ അവതരിപ്പിക്കുന്നത്. രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകള്‍, ലോക്കിങ്, ഡിഫറന്‍ഷ്യലുകളുള്ള ഫോര്‍-വീല്‍ ഡ്രൈവ് തുടങ്ങിയ പ്രത്യേകതകള്‍ വാഹനത്തിനുണ്ട്. പനോരമിക് വിന്‍ഡോ എന്ന് കമ്പനി വിളിക്കുന്ന വലിയ ഗ്ലാസ് ഏരിയ പിന്നിലെ ദൃശ്യപരതയെ സഹായിക്കുന്നുണ്ട്. പുതിയ ഡാഷ്ബോര്‍ഡ്, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മുന്‍വശത്തുള്ള രണ്ടാം നിര ക്യാപ്റ്റന്‍ സീറ്റുകള്‍ എന്നിവയാണ് ശ്രദ്ധേയമായ സവിശേഷതകള്‍.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ ടച്ച് സ്‌ക്രീനില്‍ നല്‍കിയിട്ടുണ്ട്. ബ്ലൂടൂത് വഴി ഫോണ്‍ കോളുകള്‍ എടുക്കാനുമാകും. ടില്‍റ്റ്, ടെലിസ്‌കോപിക് അഡ്ജസ്റ്റ്‌മെന്റുള്ള സ്റ്റിയറിങ്, പിന്‍ സീറ്റുകള്‍ക്കുള്ള വ്യക്തിഗത ആം റെസ്റ്റുകള്‍, നാല് യാത്രക്കാര്‍ക്കും യുഎസ്ബി ചാര്‍ജിങ് സോക്കറ്റുകള്‍, പവര്‍ വിന്‍ഡോകള്‍, സെന്‍ട്രല്‍ ലോക്കിങ്, എയര്‍ കണ്ടീഷനിങ്, ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ് ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, കോര്‍ണര്‍ ലാമ്പുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

സാധാരണ വാഹനങ്ങളുടെ അടിയില്‍ ഇടംപിടിക്കുന്ന എയര്‍ ഇന്‍ടേക്ക് ഉയര്‍ത്തി നല്‍കിയതിനാല്‍ ബോണറ്റ് പൊക്കത്തില്‍ വെള്ളത്തിലൂടെ സഞ്ചരിക്കാം. വാഹനം ചെളിയില്‍ പുതഞ്ഞാലോ മണലില്‍ താഴ്ന്നാലോ ഉറച്ച പ്രതലത്തിലുള്ള ടയറുകളിലേയ്ക്ക് മാത്രമായി മുഴുവന്‍ ശക്തിയും നല്‍കി കുഴിയില്‍ നിന്നു കയറാന്‍ കഴിയും.

കെട്ടിവലിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഉപയോഗിക്കാന്‍ പ്രത്യേക സംവിധാനവും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. മൂന്നു ഡോറുകളുള്ള വാഹനത്തിന്റെ മുമ്പില്‍ രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റും പിന്നില്‍ ജീപ്പുകള്‍ക്ക് സമാനമായി അഭിമുഖമായി വരുന്ന രണ്ടു ബെഞ്ച് സീറ്റുകളുമാണുള്ളത്. ഉയരക്കൂടുതല്‍ ഉള്ളതിനാല്‍ കുഴികളും തോടുമൊക്കെ ഈ വാഹനം നിസ്സാരമായി കടക്കും.

 

 

 

Latest News