ലഹരി വില്‍പ്പനയും ഉപയോഗവും സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ പരിശോധന കടുപ്പിച്ച് കേരള പോലീസ്. ഇതിനായി ഡ്രോണ്‍ പരിശോധന ഉള്‍പ്പടെ നടത്താനാണ് പോലീസ് ലക്ഷ്യമിടുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ ഘട്ട പരിശോധന കണ്ണൂര്‍ ജില്ലയില്‍ ആരംഭിച്ചു.
250 ഗ്രാം തൂക്കമുള്ള നാനോ മോഡല്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് ആദ്യ ഘട്ട പരിശോധന നടന്നത്. കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ 23 സ്റ്റേഷനുകളില്‍ ഏഴെണ്ണത്തില്‍ ഡ്രോണ്‍ പരിശോധന നടത്തിയതായും റൂറല്‍ പരിധിയിലെ 19 സ്റ്റേഷനുകളില്‍ മൂന്നിടത്ത് പരിശോധന പൂര്‍ത്തിയായതായും പോലീസ് അറിയിച്ചു. ലഹരി വില്‍പ്പനയും ഉപയോഗവും കൈയോടെ പിടികൂടുന്നതിന് ഡ്രോണ്‍ പരിശോധന സഹായിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ബസ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ എന്നിവ കേരളാ പോലീസിന്‍റെ ഡ്രോണുകള്‍ നിരീക്ഷിക്കും. ഇതിന്റെ ലൊക്കേഷന്‍ വീഡിയോയും ഫോട്ടോയും അതത് പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ( ഡിജിസിഎ ) കീഴില്‍ പരിശീലനം ലഭിച്ച 45 പോലീസ് അംഗങ്ങളാണ് സംസ്ഥാനത്ത് ഡ്രോണ്‍ കൈകാര്യം ചെയ്യുന്നത്. സൈബര്‍ ഡോമിന്റെ ചുമതലയുള്ള ഐജി പി പ്രകാശിനാണ് സംസ്ഥാനതല മേല്‍നോട്ട ചുമതല.