മറ്റു സംസ്ഥാനങ്ങളില്‍ കുട്ടികള്‍ പലവിധ ക്രൂരതകള്‍ക്കും വിധേയരാകുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ അതില്‍നിന്നു തിരിഞ്ഞുനടക്കുകയാണ് കേരളം.
സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കുറയുന്നതായി സംസ്ഥാന പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2022ല്‍ കുട്ടികള്‍ക്കെതിരെയുള്ള അക്രമം 5640 ആണെങ്കില്‍ 2023ലെത്തുമ്പോള്‍ അത് 5252 ആയി കുറഞ്ഞു. 2016 മുതല്‍ 2023 വരെയുള്ള എട്ടു വര്‍ഷത്തെ കണക്കാണ് വെബ്സൈറ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഈ എട്ട് വര്‍ഷത്തിനിടയില്‍ 2022ലാണ് കുട്ടികള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ കൂടിയത്. ഏറ്റവും കുറവ് കണക്കുകള്‍ കാണിക്കുന്നത് 2016ലാണ്. 2879 കേസുകളാണ് 2016ല്‍ റിപ്പോര്‍ട്ട് ചെയ്തത്.
ശിശുഹത്യയടക്കമുള്ള കൊലപാതകങ്ങളുടെ എണ്ണവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. 2022ല്‍ 29 കേസുകളാണുണ്ടായതെങ്കില്‍ 2023 ഡിസംബര്‍ വരെ 25 കേസുകളാണുണ്ടായത്. മാത്രവുമല്ല, 2016 മുതലുള്ള വര്‍ഷങ്ങളില്‍ ഏറ്റവും കുറവ് കേസുകളുണ്ടായതും ഈ വര്‍ഷം തന്നെ. 2019ലും 25 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ കൊലപാതകം നടന്നത് 2021ലാണ്. കുട്ടികളുടെ കൊലപാതകത്തില്‍ ആകെ 41 കേസുകളാണ് 2021ല്‍ റിപ്പോര്‍ട്ട് ചെയ്തത്.