സെല്‍ഫി ഭ്രമം അതിരു കടക്കരുതെന്ന നിര്‍ദേശവുമായി കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതിരുകടക്കുന്ന സെല്‍ഫി ഭ്രമം അപകടങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്ന സംഭവങ്ങള്‍ ധാരാളം ശ്രദ്ധയില്‍പ്പെട്ടു വരുകയാണ്. അപകട രംഗങ്ങളില്‍ ഉള്‍പ്പെടെ എവിടെയും സെല്‍ഫി എടുക്കുന്ന പൊതുസ്വഭാവത്തില്‍ പ്രതിഫലിക്കുന്നത് അപക്വമായ മനോനിലയാണെന്നും പോലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഓടുന്ന ട്രെയിനിലും അപകടകരമായ മുനമ്പുകളിലും, വന്യമൃഗങ്ങള്‍ക്കു മുന്നിലും വെള്ളച്ചാട്ടങ്ങള്‍ക്കു സമീപവും സെല്‍ഫി എടുത്ത് തങ്ങളുടെ സാഹസികത പ്രകടിപ്പിക്കുവാന്‍ ശ്രമിക്കുന്നത് അവിവേകമാണെന്നും കേരള പോലീസ് വ്യക്തമാക്കുന്നു. അപകടകരമായ സ്ഥലങ്ങളില്‍ വെച്ച് അശ്രദ്ധമായി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേരള പോലീസിന്റെ ഈ മുന്നറിയിപ്പ്.
കടലും കാടും വെള്ളച്ചാട്ടവും മലയിടുക്കും മൃഗങ്ങളും വാഹനങ്ങളും എന്നുവേണ്ട ലൈക്ക് കിട്ടുമെന്ന് ഉറപ്പുണ്ടെങ്കില്‍ എന്ത് സാഹസ സെല്‍ഫിക്കും ഒരുക്കമാണ് ഇപ്പോഴത്തെ തലമുറ. ഇതില്‍ പലതും കലാശിക്കുന്നതാവട്ടെ വലിയ അപകടത്തിലാണ്. ലൈക്കുകള്ക്കുവേണ്ടിയുള്ള മത്സരം മുറുകുന്നതിനൊപ്പം സെല്‍ഫിഭ്രമവും കാടുകയറുകയാണെന്നാണ് പോലീസ് പറയുന്നത്.