തീവ്ര ഇസ്ലാം മതതീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ, ജീവിക്കുന്ന രക്തസാക്ഷിക്ക് മുന്നിൽ ഒടുവിൽ നീതി പീഠം കണ്ണു തുറന്നു. നീണ്ട 13 വർഷത്തെ കാത്തിരിപ്പിനൊടുവിലുള്ള നീതി! 2010 ജൂലൈ നാലിന് തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകൻറെ കൈവെട്ടിയ സംഭവം രാജ്യത്തെ ഒന്നാകെ ഞെട്ടിച്ചതാണ്. രണ്ടു ഘട്ട വിചാരണ പൂർത്തിയായി പ്രതികളെ എൻഐഎ കോടതി ശിക്ഷക്ക് വിധിക്കുമ്പോൾ, ഇരയായിരുന്ന പ്രൊഫസർ ടി ജെ ജോസഫിൻ്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം തന്നെയാണ് ശ്രദ്ധിക്കപ്പെടേണ്ടത്.
“പ്രതിയെ ശിക്ഷിക്കുന്നതുകൊണ്ട് ഇരക്ക് നീതി ലഭിക്കുന്നു എന്ന വിശ്വാസം എനിക്കില്ല. അത് രാജ്യത്തിൻറെ നിയമം നടപ്പാക്കുന്നു എന്നേ ഉള്ളു. എന്റെ കൈവെട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ട അവരും ഒരു കണക്കിന് പറഞ്ഞാൽ ഇരകളാണ്. ആറാം നൂറ്റാണ്ടിലെ ഒരു പ്രാകൃത നിയമത്തിന്റെ/വിശ്വാസത്തിന്റെ ഇരകൾ. ഒരു ഗോത്രവർഗ്ഗത്തിന്റെ നിയമമാണ് എന്റെമേൽ നടപ്പാക്കിയത്. ശരിക്കും ഇവരാണ് കുറ്റവാളികൾ.” അതേ യുവാക്കളിൽ തീവ്ര ഇസ്ലാം മതതീവ്രവാദം പഠിപ്പിക്കുകയോ, അതിനായി പ്രേരിപ്പിക്കുകയോ ചെയ്തവരാണ് യഥാർത്ഥ കുറ്റവാളികൾ.
തൊടുപുഴ ന്യൂമാൻ കോളേജിൽ ബി.കോം രണ്ടാം വർഷ ഇന്റേണൽ പരീക്ഷക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി എന്ന ആരോപണത്തെ തുടർന്നാണ് പ്രാകൃത നിയമം മതതീവ്രവാദികൾ നടപ്പിലാക്കിയത്. ഒരു സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പ്രൊഫസർ ടി ജെ ജോസഫിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം ഇസ്ലാം മത തീവ്രവാദ സംഘടനയായ പോപ്പുലർഫ്രണ്ട് പ്രവർത്തകർ നടത്തിയത്.
2010 ജൂലൈ നാല് -ക്രൂരതയുടെ പര്യായമായ ദിനം
2010 ജൂലൈ നാലിന് മാരുതി ഓമ്‌നിയിൽ എത്തിയ എട്ടംഗ സംഘം മൂവാറ്റുപുഴയിലെ പ്രൊഫസറുടെ വീടിനു പുറത്ത് തമ്പടിക്കുകയായിരുന്നു. ഈ സമയം അധ്യാപകൻ കാറിൽ ഗേറ്റിന് പുറത്തേക്ക് ഇറങ്ങിയതോടെ എട്ടോളം പേർ വാളും കത്തിയുമായി കാറിന് മാർഗ്ഗ തടസ്സം സൃഷ്ടിച്ചു. കാറിൻ്റെ മുൻവശത്തെ ഗ്ലാസ് അടിച്ചു തകർക്കുകയും അതുവഴി അക്രമികൾ ജോസഫിനെ വലിച്ചു പുറത്തിടുകയുമായിരുന്നു. തുടർന്ന് രണ്ടുപേർ ജോസഫിൻ്റെ കെെപിടിച്ച് കാറിൻ്റെ ബോണറ്റിൽ വച്ചു. ഒന്നാം പ്രതി ഇദ്ദേഹത്തിൻ്റെ വലതുകൈ വെട്ടിമാറ്റി. ജോസഫിൻ്റെ ഇടതുതുടയിൽ കത്തി കുത്തിയിറക്കുകയും ചെയ്തു. ബഹളം കേട്ട് പുറത്തിറങ്ങിയ ജോസഫിൻ്റെ കുടുംബാംഗങ്ങൾക്കു മുന്നിൽ അക്രമികൾ സ്ഫോടക വസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
അക്രമികൾ സ്ഥലം വിട്ടശേഷം ആണ് അയൽവാസികൾക്കു ജോസഫിനെ നിർമ്മല ആശുപത്രിയിൽ എത്തിക്കുവാൻ കഴിഞ്ഞത്. അവിടെ പ്രാഥമിക ശുശ്രൂഷ നൽകി. ഇതിനിടെ അറ്റുപോയ കൈ ശേഖരിച്ച് ഐസിൽ പൊതിഞ്ഞു എത്തിച്ചു. തുടർന്ന് ജോസഫിനെ കൊച്ചിയിലെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 16 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ 2010 ജൂലൈ 24 ന് ജോസഫിനെ കോളേജ് സസ്പെൻ്റ് ചെയ്ത നടപടി മഹാത്മാഗാന്ധി സർവ്വകലാശാല റദ്ദാക്കി. “മനപ്പൂർവ്വമല്ലാത്ത പിശക്´ എന്നാണ് ഈ സംഭവത്തെ സർവ്വകലാശാല വിശേഷിപ്പിച്ചത്. അധ്യാപകൻ ക്രൂരമായ ആക്രമണത്തിന് ഇരയായതും അദ്ദേഹത്തിൻ്റെ സാമ്പത്തിക സ്ഥിതിയും പരിഗണിച്ചായിരുന്നു സർവ്വകലാശാലയുടെ നടപടി. എന്നാൽ മാനേജുമെൻ്റ് അദ്ദേഹത്തെ പിരിച്ചുവിട്ടിരുന്നു.
മാനേജ്മെൻ്റ് തീരുമാനം തന്നെ ഞെട്ടിച്ചെന്നാണ് ജോസഫ് ഇതേക്കുറിച്ച് പ്രതികരിച്ചത്. താൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കും കുടുംബത്തിനും ഏറ്റവും വലിയ ശിക്ഷയാണ് മാനേജ്‌മെൻ്റ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014 മാർച്ച് 19 ന് ജോസഫിൻ്റെ ഭാര്യ സലോമി (48) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോളേജിൽ തിരിച്ചെടുക്കാത്തതിൽ ഭർത്താവിൻ്റെ മാനസിക സമ്മർദ്ദം കാണാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് സലോമി കടുത്ത തീരുമാനം കെെക്കൊണ്ടതെന്നാണ് ആത്മഹത്യാ കുറിപ്പ്. നാളുകളായി സ്ഥിരവരുമാനമില്ലാതെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു ആ കുടുംബമെന്ന വിവരങ്ങളും ഈ സമയം പുറത്തു വന്നിരുന്നു.
അതിനിടെ രണ്ടു ഘട്ടമായി നടന്ന വിചാരണയിൽ ആദ്യഘട്ടത്തിൽ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിക്കുകയും, ഇതിൽ 11 പേർ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിനുശേഷം അറസ്റ്റിലായവരുടെ വിചാരണ പൂർത്തിയാക്കി. രണ്ടാം ഘട്ടത്തില്‍ സജൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ, അയൂബ്, മൻസൂർ എന്നിവരാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്. രണ്ടാം പ്രതി സജിൽ , മൂന്നാം പ്രതി ആലുവ നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർക്കാണ് പ്രത്യേക എൻ ഐഎ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നും എൻഐഎ കോടതി ജഡ്ജി അനിൽ ഭാസ്കരർ വിധിയിൽ വ്യക്തമാക്കി. രണ്ടാം പ്രതി സജൽ ക്യത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവർക്ക് മൂന്ന് വർഷം തടവിനും കോടതി വിധിച്ചു. അസീസ്, സുബൈർ, മുഹമ്മദ്, റാഫി, ഷഫീക്ക് എന്നിവരെ വെറുതെ കോടതി വിടുകയും ചെയ്തു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവേ പിഎഫ്ഐ നേതാവ് അനസ് എറണാകുളം ജില്ലയിലെ വാഴക്കുളം ബ്ലോക്ക് വഞ്ചിനാട് ഡിവിഷനിൽ വിജയിച്ചതെന്നുള്ളതും രാജ്യം നടുങ്ങിയ കെെവെട്ടു കേസുമായി ബന്ധപ്പെട്ട പ്രധാന വസ്തുതയാണ്.