Monday, November 25, 2024

ആന്റിബയോഗ്രാം നടപ്പാക്കാൻ ഒരുങ്ങി കേരളം; ലക്ഷ്യം ആരോഗ്യമേഖലയിലെ മുന്നേറ്റം

ബാക്ടീരിയകളെ ചെറുക്കാൻ ആന്റിബയോഗ്രാം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം. വിവിധയിനം ബാക്ടീരിയകൾ അതിന്റെ സ്വഭാവം, ബാക്ടീരിയകൾ എതൊക്കെ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കും, നശിപ്പിക്കും എന്നിങ്ങനെയുളള ക്ലിനിക്കൽ വിവരങ്ങളുടെ ശേഖരമാണ് ആന്റിബയോഗ്രാം.

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 18 കേന്ദ്രങ്ങളിലെ ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് (എഎംആർ) ഉപയോഗിച്ചുകൊണ്ടാണ് ആന്റിബയോഗ്രാം ഡാറ്റ തയാറാക്കിയിരിക്കുന്നത്. ആന്റിബയോട്ടിക്കുകളുടെ പ്രതിരോധത്തെയും അതിജീവിക്കുന്ന ബാക്ടീരിയകളെ തടയാനും ആന്റിബയോഗ്രാമിന് സാധിക്കും.

ആന്റിബയോഗ്രാം വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫലപ്രദമായ മരുന്നുകൾ രോഗികൾക്ക് നൽകാൻ സാധിക്കുമെന്നതാണ് ഇതിന്റെ നേട്ടം. കൃത്യസമയത്ത് ബാക്ടീരിയകളെ നശിപ്പിക്കുന്നത് അണുബാധ ഉണ്ടാകുന്നതിൽ നിന്ന് മനുഷ്യ ശരീരത്തെ തടയുന്നു. ഇതിലൂടെ ആരോഗ്യ മേഖലയിൽ കാര്യക്ഷമമായ മുന്നേറ്റം കൈവരിക്കാനാവുമെന്നതാണ് നിരീക്ഷണം.

ആന്റി ബയോട്ടിക്കിന് പോലും പിടിച്ച് നിർത്താൻ കഴിയാത്ത രോഗങ്ങൾ മൂലം വർഷത്തിൽ ഏഴു ലക്ഷത്തോളം ജനങ്ങൾ മരിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കാരണം ബാക്ടീരിയകൾക്ക് മരുന്നിനെ പ്രതിരോധിക്കാനുളള കരുത്ത് ലഭിക്കുന്നതാണ് സാഹചര്യം ഗുരുതരമാക്കുന്നത്. ആൻറി മൈക്രബിയൽ റസിസ്റ്റൻസ് എന്ന ഈ സാഹചര്യത്തെ കുറിച്ച് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൈക്രോബയോളജി വിഭാഗത്തെ നോഡൽ കേന്ദ്രമാക്കിയാണ് സംസ്ഥാനത്തെ ആന്റിബയോഗ്രാമിന്റെ പ്രവർത്തനങ്ങൾ. 2023-ഓടെ സംസ്ഥാനത്തെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുളള സംസ്ഥാനമാക്കി മാറ്റാനുളള സമഗ്ര പദ്ധതികളാണ് നിലവിൽ ആവിഷ്‌കരിച്ച് വരുന്നത്.

Latest News