സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച സമ്മേനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് തിരി തെളിച്ച് ഉദ്ഘാടനം നിർവഹിച്ചത്. പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പതാക ഉയർത്തി.
ഇന്ന് 11 മണിക്ക് കലാമത്സരങ്ങൾ ആരംഭിക്കും. വിജയമല്ല പങ്കെടുക്കലാണ് പ്രധാനപ്പെട്ട കാര്യമെന്ന് മത്സരാർഥികളോടു മന്ത്രി ശിവൻകുട്ടി പറഞ്ഞു. മത്സരാർഥികൾക്ക് ഇപ്പോൾ നൽകുന്ന ഒറ്റത്തവണ സ്‌കോളർഷിപ്പ് 1500 രൂപയായി വർധിപ്പിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിനയ്യായിരത്തോളം കുട്ടികളാണ് ഈ വർഷം കലോത്സവത്തിൽ പങ്കെടുക്കുന്നത്. 29 വേദികളിലായി നടക്കുന്ന മത്സരം അഞ്ചു ദിവസം നീളും. എം. ടി. വാസുദേവൻ നായരോടുള്ള ആദരസൂചകമായി പ്രധാനവേദിക്ക് ‘എം. ടി. – നിള’ എന്നാണ് പേരിട്ടിരിക്കുന്നത്. എട്ടാം തീയതി അവസാനിക്കുന്ന കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ സിനിമാതാരം ടൊവിനോ തോമസ് പങ്കെടുക്കും.