സര്‍ക്കാര്‍ വാഹനങ്ങളിലെ കേരള സ്റ്റേറ്റ് ബോര്‍ഡ് മുഖ്യമന്ത്രി മുതല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിവരെയുള്ളവര്‍ക്കായി പരിമിതപ്പെടുത്താന്‍ ഗതാഗത വകുപ്പിന്റെ ശുപാര്‍ശ. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍, വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും വാഹനങ്ങളില്‍ ‘ഗവണ്‍മെന്റ് ഓഫ് കേരള ‘ബോര്‍ഡ് വയ്ക്കണം.
സ്വകാര്യവാഹനങ്ങളില്‍ ബോര്‍ഡ് വയ്ക്കുന്നതിലും നിയന്ത്രണമുണ്ട്. സെക്രട്ടറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിമുതല്‍ സ്പെഷ്യല്‍ സെക്രട്ടറിവരെയുള്ളവര്‍ക്ക് ബോര്‍ഡ് വയ്ക്കാന്‍ നല്‍കിയിരുന്ന അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ‘കെ എല്‍ 99′ രജിസ്ട്രേഷന്‍ നല്‍കാനും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു. കെ എല്‍ 99 (സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍) കെ എല്‍ 99 ബി (കേന്ദ്ര സര്‍ക്കാര്‍) വാഹനങ്ങള്‍, സി (തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍), ഡി (പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍) എന്നിങ്ങനെയാകും. ഇതിനായി മോട്ടോര്‍ വാഹന നിയമത്തിലെ ’92 എ’ ചട്ടം ഭേദഗതി ചെയ്യണം.
മറ്റ് ശുപാര്‍ശകള്‍
- ചുവന്ന പ്രതലത്തില്‍ വെളുത്ത അക്ഷരങ്ങള്‍: എംപി, എംഎല്‍എ, പിഎസ്സി ചെയര്‍മാന്‍, അംഗങ്ങള്‍, അഡ്വക്കറ്റ് ജനറല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍
- വെളുത്ത പ്രതലത്തില്‍ ചുവന്ന അക്ഷരങ്ങള്‍: മേയര്‍, ഡെപ്യൂട്ടി മേയര്‍, നഗരസഭ ചെയര്‍മാന്മാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് വാഹനങ്ങള്‍
- നീല പ്രതലത്തില്‍ വെളുത്ത അക്ഷരങ്ങള്‍: സര്‍വകലാശാല, പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍
- വെളുത്ത പ്രതലത്തില്‍ നീല അക്ഷരങ്ങള്‍: സഹകരണസ്ഥാപനങ്ങളുടെ വാഹനങ്ങള്‍