കേരള സര്‍വകലാശാലയുടെ പേര് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്ത്. തിരുവിതാംകൂർ സർവകലാശാല എന്നോ യൂണിവേഴ്സിറ്റി ഓഫ് ട്രാവന്‍കൂര്‍ എന്നോ മാറ്റണമെന്നാണ് ആവശ്യം. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി, ട്രിവാന്‍ഡ്രം ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്‍റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍, സെക്രട്ടറി എബ്രഹാം തോമസ് എന്നിവരാണ് ഗവര്‍ണ്ണര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചത്.
കേരള സർവകലാശാലയുടെ പേരിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തിയില്ലെന്നും സ്ഥാപനം പ്രതിനിധീകരിക്കുന്ന അധികാരപരിധിയോ പൈതൃകമോ പ്രദേശമോ കൃത്യമായി പ്രതിഫലിപ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പേരു മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവിതാംകൂറിലെ ജനങ്ങൾ നൽകിയ സംഭാവനകളെ അംഗീകരിക്കുന്ന പേര് സര്‍വകലാശാലയ്ക്കു നല്‍കണമെന്നും കത്തില്‍ പറയുന്നു. അതിനാല്‍ തിരുവിതാംകൂർ സർവകലാശാല എന്നോ യൂണിവേഴ്സിറ്റി ഓഫ് ട്രാവന്‍കൂര്‍ എന്നോ നാമകരണം ചെയ്യുന്നതാണ് ഉത്തമം എന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയാണ് തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിച്ചത്. ആദ്യകാലങ്ങളിൽ, കേരള സർവകലാശാലയ്ക്ക് മൂന്നു കാമ്പസുകള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. കോഴിക്കോട്ടെ യൂണിവേഴ്സിറ്റി സെന്റർ പിന്നീട് കാലിക്കറ്റ് സർവകലാശാല എന്ന പേരിൽ ഒരു സമ്പൂർണ്ണ സർവകലാശാലയായി മാറി. കൊച്ചിയിലെ കേരള സർവകലാശാലയുടെ കേന്ദ്രം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഏറ്റെടുക്കുകയും ചെയ്തു. ഈ സർവകലാശാലകൾ അതാത് പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നവയാണെന്നും ചാന്‍സലര്‍ക്കു നല്‍കിയ മെമ്മോറാണ്ടത്തില്‍ പറയുന്നു.