Wednesday, November 27, 2024

വേനല്‍ച്ചൂട് അതികഠിനം; എട്ട് ജില്ലകളില്‍ താപനില 35 കടന്നു

സംസ്ഥാനത്തും ചൂട് കനക്കുന്നു. എട്ട് ജില്ലകളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ കേരളവും വെന്തുരുകുന്ന നിലയിലാണ്. അതേസമയം ഉത്തരേന്ത്യക്ക് സമാനമായ ഉഷ്ണതരംഗത്തിലേക്ക് സംസ്ഥാനം ഇത്തവണ വീഴില്ലെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്നതാണ് ചൂടിന് കാരണം.

കേരളം 2016ലാണ് കൊടും ചൂടിലേക്ക് വീണത്. അന്ന് മുതല്‍ സൂര്യാഘാതം നിത്യസംഭവമായി. 41 ഡിഗ്രിക്ക് മുകളിലെ ചൂടില്‍ ചില ജില്ലകള്‍ അന്ന് പൊള്ളി. ഇപ്പോഴത് ശരാശരി 37 ഡിഗ്രിയില്‍ നില്‍ക്കുമ്പോഴും ഉഷ്ണത്തിന് കുറവില്ല. മഴ ഒഴിഞ്ഞ ഇടത്തെല്ലാം ജനം വിയര്‍ത്തൊഴുകുന്നു. ശരാശരി താപനിലയേക്കാള്‍ 5 മുതല്‍ 6 ഡിഗ്രി വരെ ഉയര്‍ന്നാലേ ഉഷ്ണതരംഗത്തെ ഭയപ്പെടേണ്ടതുള്ളൂ. ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന വേനല്‍ മഴയാണ് ഇത്തവണ ഉഷ്ണതരംഗത്തില്‍ നിന്ന് കേരളത്തെ രക്ഷിച്ചത്.

എങ്കിലും ലോകവ്യാപകമായി സംഭവിക്കുന്ന ആഗോളതാപനത്തിന്റെ പ്രശ്‌നങ്ങളില്‍ മലയാളിക്കും രക്ഷയില്ല. നൂറു വര്‍ഷത്തെ കണക്കെടുത്താല്‍ കേരളത്തിലെ ശരാശരി ചൂട് 1. 67 ഡിഗ്രി സെല്‍ഷ്യസ് കൂടിയിട്ടുണ്ട് എന്ന് പരിസ്ഥിതി കൗണ്‍സില്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത് ഇനിയും കൂടാനാണ് സാധ്യത.

Latest News