സംസ്ഥാനത്ത് അഞ്ചാം പനി പ്രതിരോധത്തിന് ആരോഗ്യവകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് അഞ്ചാം പനി റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കാനുള്ള നിർദേശം നൽകിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംസ്ഥാന മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിലും മലപ്പുറത്തെ പ്രവർത്തനങ്ങൾ പ്രത്യേകമായി അവലോകനം ചെയ്തു. ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ ജില്ലയിൽ ജനകീയ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
അഞ്ചാം പനിയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും, വാക്സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക കാമ്പയിൻ ആരംഭിക്കുമെന്നും മന്ത്രി. എല്ലാവരും കുട്ടികൾക്ക് കൃത്യമായി വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടറെ അന്വേഷണത്തിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി മലപ്പുറത്തേയ്ക്ക് അയച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ അഡീഷണൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഇതുകൂടാതെ ഡബ്ല്യു.എച്ച്.ഒ പ്രതിനിധിയും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
അഞ്ചാംപനി പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്. മീസൽസ്, റുബല്ല അഥവാ എംആർ വാക്സിൻ നൽകുന്നതിലൂടെ ഈ രോഗത്തിനെ പ്രതിരോധിക്കാൻ കഴിയും. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കാണ് സാധാരണ എംആർ വാക്സിൻ നൽകുന്നത്. കുട്ടിയുടെ ഒമ്പതാം മാസം കഴിഞ്ഞാൽ ആദ്യ ഡോസ് എംആർ വാക്സിനും പതിനാറാം മാസം കഴിഞ്ഞാൽ രണ്ടാം ഡോസും നൽകണം. എന്തെങ്കിലും കാരണത്താൽ ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികൾക്ക് അഞ്ച് വയസുവരെ വാക്സിൻ എടുക്കാവുന്നതാണ്. ജില്ലയിൽ മതിയായ എംആർ വാക്സിനും വിറ്റാമിൻ എ സിറപ്പും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഈ വാക്സിൻ സൗജന്യമായി ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.