കയര്‍ ഉല്പന്നങ്ങളുടെ വിപണനത്തിന് ബഹുരാഷ്ട്ര കമ്പനിയായ വാള്‍മാര്‍ട്ടുമായി കയര്‍ കോര്പ്പറേഷന് ധാരണയിലെത്തി. രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം വാള്‍മാര്‍ട്ടുമായി ധാരണയിലെത്തുന്നത്. അടുത്ത മാസത്തോടെ ഓണ്‍ലൈന്‍ വില്പന തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
വാള്‍മാര്‍ട്ടിന്റെ അനുബന്ധ സ്ഥാപനമായ സാംസ് ക്ലബ്ബുമായും ധാരണയിലെത്തിയിട്ടുണ്ട്. ഗുണനിലവാര പരിശോധന ഉള്‍പ്പെടെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഉത്പന്നങ്ങള്‍ വാള്‍മാര്‍ട്ടിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നത്. ഭോപാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി സഹകരിച്ച് ഉത്പന്ന വൈവിധ്യവത്കരണം നടത്തിയത് കോര്പ്പറേഷന് നേട്ടമായി. 1,400 ഡിസൈനുകളിലുള്ള ഉത്പന്നങ്ങളാണ് വിപണിയിലെത്തുന്നത്.