Friday, April 4, 2025

ക്യൂകെന്‍ഹോഫ് എന്ന യൂറോപ്പിന്റെ പൂന്തോട്ടം

യൂറോപ്പിന്റെ പൂന്തോട്ടമെന്നാണ് സൗത്ത് ഹോളണ്ട് പ്രവിശ്യയിലെ ലിസ്സെയില്‍ സ്ഥിതി ചെയ്യുന്ന ക്യൂകെന്‍ഹോഫ് അറിയപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ പൂന്തോട്ടങ്ങളിലൊന്നായ ക്യൂകെന്‍ഹോഫ് ഗാര്‍ഡനില്‍ വിരിഞ്ഞു നില്ക്കുന്ന ലക്ഷക്കണക്കിന് ടുലിപ് പൂക്കള്‍ കാണാന്‍ സഞ്ചാരികള്‍ ഒഴുകിയെത്താറുണ്ട്. നിലവില്‍ വിവിധ നിറത്തിലെ 70 ലക്ഷം ടുലിപ് പൂക്കളാണ് ക്യൂകെന്‍ഹോഫില്‍ ഉള്ളത്. 79 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ക്യൂകെന്‍ഹോഫില്‍ മാര്‍ച്ച് മുതല്‍ മേയ് വരെയാണ് ടുലിപ് പൂക്കുന്ന സീസണ്‍. ടുലിപിന് പുറമേ ഡാഫോഡില്‍, ഓര്‍ക്കിഡ്, റോസ, കാര്‍നേഷന്‍, ഐറിഷ് ലില്ലി, ഹൈസിന്ത് തുടങ്ങിയ ഇനങ്ങളും ഇവിടെ കാണാം.

ക്യൂകെന്‍ഹോഫ് അഥവാ അടുക്കളത്തോട്ടം

പതിനഞ്ചാം നൂറ്റാണ്ടില്‍ ലിസ്സെയിലെ പ്രഭു ആയിരുന്ന ജാക്കോബാ വാന്‍ ബെയ്റെന്‍ അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ അടുക്കളയുടെ സമീപത്തായി ഒരു ചെറിയ ഔഷധത്തോട്ടം സ്ഥാപിക്കുകയുണ്ടായി. ഈ തോട്ടം നില നിന്നിരുന്ന ഭാഗം പിന്നീട് ‘അടുക്കളത്തോട്ടം’ എന്ന് അര്‍ത്ഥമുള്ള ക്യൂകെന്‍ഹോഫ് എന്ന് അറിയപ്പെട്ടു തുടങ്ങി. അതില്‍ നിന്നാണ് പിന്നീട് ഹോളണ്ടിന്റെ ട്രേഡ് മാര്‍ക്കായ ടുലിപ്പ് ഗാര്‍ഡനും ഈ പേര് ലഭിച്ചത്.

ക്യൂകെന്‍ഹോഫ് ആദ്യമായി അടച്ചപ്പോള്‍

1950ല്‍ തുറന്ന നാള്‍ മുതല്‍ ക്യൂകെന്‍ഹോഫില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഇക്കഴിഞ്ഞ കൊറോണക്കാലത്ത് മാത്രമാണ്. കൊറോണയ്ക്ക് മുമ്പ് 100 ലേറെ രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ക്യൂകെന്‍ഹോഫില്‍ എത്തിക്കൊണ്ടിരുന്നത്. കോവിഡിനെ തുടര്‍ന്ന് നെതര്‍ലന്‍ഡ്സില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ക്യൂകെന്‍ഹോഫ് അടച്ചത്.

ഭൂപ്രകൃതിയുടെ വിസ്മയം

ഒരുപക്ഷേ ലോകത്തിലെ ഏറ്റവും മനോഹരമായ ഭൂപ്രകൃതിയുള്ള പൂന്തോട്ടങ്ങളില്‍ ഒന്നായിരിക്കാം, സൗത്ത് ഹോളണ്ടിലെ ലിസ്സെയിലുള്ള ഈ പാര്‍ക്ക്. അതിന്റെ ഗ്രൗണ്ടില്‍ ഏഴ് ദശലക്ഷം പൂക്കളുള്ള ബള്‍ബുകളും നിരവധി ഇന്‍ഡോര്‍ പവലിയനുകളില്‍ എണ്ണമറ്റ മറ്റ് പുഷ്പ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നു. വര്‍ഷത്തില്‍ രണ്ട് മാസം മാത്രം തുറന്നിരിക്കുന്ന ഈ പൂന്തോട്ടങ്ങള്‍ നെതര്‍ലാന്‍ഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. പാര്‍ക്ക് സന്ദര്‍ശിക്കാനുള്ള ഏറ്റവും മികച്ച സമയം രാവിലെയാണ്. ആ സമയത്ത് പാര്‍ക്കിലെ കുളവും കാറ്റാടിമില്ലും അതിമനോഹരമായി കാണപ്പെടുന്നു.

Latest News