പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനം ഉറപ്പാക്കാൻ ഇടപെടണമെന്ന് ട്രംപിനോടും അന്താരാഷ്ട്ര സമൂഹത്തോടും അഭ്യർഥിച്ച് ഇമ്രാന്റെ മക്കൾ. നിയമപരമായും അല്ലാതെയും ഇമ്രാൻ ഖാനെ പുറത്തിറക്കാൻ ശ്രമിച്ചശേഷം ബ്രിട്ടീഷ് പൗരന്മാരായ 28 കാരനായ സുലൈമാൻ ഖാനും 26 കാരനായ ഖാസിം ഖാനും ഇതാദ്യമായാണ് ഒരു പൊതു അഭ്യർഥനയുമായി എത്തുന്നത്.
ക്രിക്കറ്റ് കളിക്കാരനും പിന്നീട് രാഷ്ട്രീയക്കാരനുമായി മാറിയ 72 കാരനായ ഇമ്രാൻ ഖാൻ, അഴിമതിക്കേസിൽ കോടതി മൂന്നുവർഷത്തെ തടവുശിക്ഷ വിധിച്ചതിനെത്തുടർന്ന് 2023 മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുകയാണ്. അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന 150 ഓളം കുറ്റങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹത്തിന്റെ പാർട്ടി പറയുന്നത്.
“അന്താരാഷ്ട്ര സമൂഹം നടപടിയെടുക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു” – എക്‌സിൽ തത്സമയം സംപ്രേഷണം ചെയ്ത സിറ്റിസൺ ജേണലിസ്റ്റ് മാരിയോ നൗഫലുമായുള്ള അഭിമുഖത്തിൽ ഖാസിം ഖാൻ പറഞ്ഞു.