റഷ്യയുടെ അധീനതയിലുള്ള തെക്കന്‍ കെര്‍സണ്‍ മേഖല തിരിച്ചുപിടിക്കാന്‍ യുക്രെയ്ന്‍ ശ്രമിക്കുന്നതിനിടെ കനത്ത യുദ്ധമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ അത് വേഗത്തില്‍ സംഭവിക്കില്ലെന്നാണ് സൈനിക വിദഗ്ധര്‍ പറയുന്നത്.
‘മേഖലയില്‍ കനത്ത പോരാട്ടം തുടരുകയാണ്, ഞങ്ങളുടെ സൈനികര്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നു’. മൈക്കോലൈവ് മേഖലയുടെ തലവനായ വിറ്റാലി കിം പറഞ്ഞു. മേഖലയിലെ റഷ്യയുടെ ആദ്യ പ്രതിരോധ നിര ഭേദിച്ചതായി യുക്രൈന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്തുത ആക്രമണത്തില്‍ യുക്രേനിയന്‍ സൈന്യം പരാജയപ്പെട്ടതായാണ് റഷ്യ അറിയിച്ചത്.
ഫെബ്രുവരി 24 ന് ആരംഭിച്ച അധിനിവേശത്തിന്റെ ആദ്യ ദിവസങ്ങളില്‍ റഷ്യയുടെ കൈകളിലെത്തിയ ആദ്യത്തെ പ്രധാന യുക്രേനിയന്‍ നഗരമാണ് കെര്‍സണ്‍. കെര്‍സണ് വേണ്ടിയുള്ള പ്രത്യാക്രമണം യുക്രെയ്ന്റെയും അതിന്റെ പിന്തുണക്കാരുടെയും ദൃഢനിശ്ചയത്തിന് അടിവരയിടുന്നതാണ്.
‘റഷ്യന്‍ സൈനിക ശേഷി ക്രമേണ ദുര്‍ബലപ്പെടുകയും പാശ്ചാത്യ സഹായത്തോടെ യുക്രേനിയന്‍ ശേഷി ക്രമേണ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് നിലവിലെ പ്രവണത’. ബ്രിട്ടനിലെ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസിന്റെ മുന്‍ മേധാവി സര്‍ അലക്‌സ് യംഗര്‍ പറഞ്ഞു.
കേഴ്‌സണ്‍ കൂടാതെ കിഴക്കന്‍ ഡോണ്‍ബാസ്, ഖാര്‍കിവ് മേഖലകളിലും തീവ്രമായ പോരാട്ടം നടക്കുന്നുണ്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പ്രസംഗത്തില്‍ പറഞ്ഞു.