നൈജീരിയന്‍ സംസ്ഥാനമായ കടുനയില്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായ മറ്റൊരു വൈദികന്‍കൂടെ മോചിക്കപ്പെട്ടു. സമാന്‍ ദാബോയിലെ സെന്റ് തോമസ് ഇടവകയുടെ റെക്ടറിയില്‍നിന്നു തട്ടിക്കൊണ്ടുപോയ ഫാ. ഗബ്രിയേല്‍ ഉകെയെ ആണ് അക്രമികള്‍ വെറുതെവിട്ടത്. ജൂണ്‍ ഒന്‍പതിന് തട്ടിക്കൊണ്ടുപോയ ഇദ്ദേഹത്തെ ഒരുദിവസം തടവില്‍വച്ചതിനുശേഷം അക്രമികള്‍ വിട്ടയയ്ക്കുകയായിരുന്നു.
വൈദികന്‍ സുരക്ഷിതമായി മോചിക്കപ്പെട്ടുവെന്നും പ്രാര്‍ഥിച്ചവര്‍ക്ക് നന്ദിയര്‍പ്പിക്കുന്നതായും കഫന്‍ചാന്‍ രൂപതയുടെ വക്താവ് ഫാ. ഗബ്രിയേല്‍ ഒകാഫോര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. വൈദികരെ ലക്ഷ്യമിട്ടുകൊണ്ട് നൈജീരിയയില്‍ വ്യാപകമാകുന്ന തട്ടിക്കൊണ്ടുപോകല്‍പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ഫാ. ഉകെയെ തട്ടിക്കൊണ്ടുപോയ സംഭവം. ഇക്കഴിഞ്ഞ അഞ്ചു മാസത്തിനിടെ നൈജീരിയയില്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായ ആറാമത്തെ കത്തോലിക്കാ വൈദികനാണ് ഇദ്ദേഹം.
മെയ് 15-ന് ഒനിറ്റ്ഷാ അതിരൂപത വൈദികനായ ഫാ. ബേസില്‍ ഗ്ബുസുവോയെയും മെയ് 21-ന് യോള രൂപതയിലെ വൈദികനായ ഫാ. ഒലിവര്‍ ബൂബയെയും അക്രമികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ ഏതാനും ദിവസങ്ങള്‍ക്കുശേഷം മോചിപ്പിച്ചിരുന്നു. ചില വൈദികരെ മോചിപ്പിക്കാന്‍ സഭയ്ക്കു മോചനദ്രവ്യം നല്‍കേണ്ടിവന്നിരിന്നു എന്നാണ് പുറത്തുവരുന്ന വിവരം.