Thursday, May 15, 2025

നൈജീരിയന്‍ ക്രിസ്ത്യന്‍ സ്‌കൂളില്‍നിന്നു തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികളെ മോചിപ്പിച്ചു; ഡ്രൈവര്‍ കൊല്ലപ്പെട്ടു

സ്‌കൂളില്‍നിന്നും മടങ്ങവെ തട്ടിക്കൊണ്ടുപോകപ്പെട്ട, നൈജീരിയയിലെ എമുരിലെ ‘അപ്പോസ്‌തോലിക് ഫെയ്ത്ത് ചര്‍ച്ച് പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി സ്‌കൂളിലെ’ ആറു കുട്ടികളെയും രണ്ട് അധ്യാപകരെയും മോചിപ്പിച്ചു. ജനുവരി 29-ന് സ്‌കൂള്‍ ബസില്‍ വീട്ടിലേക്കു മടങ്ങവെയാണ് കുട്ടികളെയും അധ്യാപകരെയും ഡ്രൈവറെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയത്.

തടവിലാക്കപ്പെട്ട് ആറുദിവസത്തിനുശേഷം, ഫെബ്രുവരി 4-ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സുരക്ഷാസേന കുട്ടികളെ മോചിപ്പിച്ചത്. എന്നാല്‍ സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍ തായെ റസാക്കിയെ അക്രമിസംഘം കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ടു ചില അറസ്റ്റുകള്‍ നടന്നെങ്കിലും മുഴുവന്‍ കുറ്റവാളികളെയും നിയമത്തിനുമുന്‍പില്‍ കൊണ്ടുവരുമെന്ന് സുരക്ഷാസേന അറിയിച്ചു.

നൈജീരിയയിലെ ഇബാദാന്‍ പ്രവിശ്യയിലെ (IEP) കത്തോലിക്കാ ബിഷപ്പുമാര്‍, തങ്ങളുടെ പ്രവിശ്യയില്‍ തുടര്‍ച്ചയായി നടക്കുന്ന നിര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു. തട്ടിക്കൊണ്ടുപോകലിലും കൊലപാതകങ്ങളിലും ഞെട്ടല്‍ രേഖപ്പെടുത്തിയ ബിഷപ്പുമാര്‍, നൈജീരിയ അതിവേഗം വെറുപ്പും ശത്രുതയും നിറഞ്ഞ കൊലക്കളമായി മാറിക്കൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പും നല്‍കി.

 

Latest News