പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രധാന പ്രതികള്‍ക്ക് ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് പൊലീസ്. പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
മാര്‍ച്ച് 30 ന് ജയ്പൂരില്‍ സ്ഫോടന പരമ്പര നടത്താനുള്ള ഗൂഢാലോചനയിലും ഇവര്‍ പങ്കെടുത്തു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ദവത്ത്-ഇ-ഇസ്ലാമി വഴി ഐഎസിന്റെ റിമോട്ട് സ്ലീപ്പര്‍ ഓര്‍ഗനൈസേഷനായ അല്‍സുഫയുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നു. രണ്ട് പ്രതികളില്‍ ഒരാളായ മുഹമ്മദ് റിയാസ് അക്താരി ഉദയ്പൂരിലെ അല്‍-സുഫയുടെ തലവനായിരുന്നു. നേരത്തെ ടോങ്കില്‍ നിന്ന് അറസ്റ്റിലായ ഐസിസ് ഭീകരന്‍ മുജീബുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തെ കുറിച്ച് പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തില്‍ പ്രതികള്‍ക്ക് പാക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി ഇന്നലെ കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതല്‍ തെളിവ് കണ്ടെത്താനാണ് രാജസ്ഥാന്‍ പൊലീസും എന്‍ഐഎയും ശ്രമിക്കുന്നത്. അറസ്റ്റിലായ മുഹമ്മദ് റിയാസിന് പാക് സംഘടനയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഇയാളുടെ ഫോണില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.