ഖാലിസ്ഥാൻ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരായ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യു എസ്. വിഷയവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് അഡ്രിയൻ വാട്സന്റെ പ്രസ്താവനയിലൂടെയാണ് ആശങ്ക അറിയിച്ചത്.
“കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോയുടെ ആരോപണങ്ങളിൽ ഞങ്ങൾക്ക് അഗാധമായ ആശങ്കയുണ്ട്. ഞങ്ങളുടെ കനേഡിയൻ പങ്കാളികളുമായി ഞങ്ങൾ പതിവായി സമ്പർക്കം പുലർത്തുന്നു. കാനഡയുടെ അന്വേഷണം പുരോഗമിക്കുന്നതും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതും നിർണായകമാണ്” – പ്രസ്താവനയിൽ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൗസ് ഓഫ് കോമൺസിലിൽ ട്രൂഡോ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. പിന്നാലെ ഇന്ത്യൻ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ആശങ്ക അറിയിച്ച് യുഎസ് രംഗത്തെത്തിയത്.
അതേസമയം നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച കനേഡിയൻ സർക്കാരിന്റെ ആരോപണം കേന്ദ്ര സർക്കാർ പൂർണമായി തള്ളി. ഈ ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച സർക്കാർ, നിയമവാഴ്ചയോട് ഇന്ത്യയ്ക്ക് ശക്തമായ പ്രതിബദ്ധതയാണുള്ളതെന്നും വ്യക്തമാക്കി.