പാരീസിൽ പ്ലാസ്റ്റിക് പെട്ടിയിൽ പന്ത്രണ്ടു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തെ തുടർന്ന് ഫ്രാൻസിൽ രാഷ്ട്രീയയുദ്ധം രൂക്ഷമാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാരീസിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ലോല എന്ന 12 വയസുകാരിയെ അവളുടെ വീടിനു സമീപത്തായി സ്യൂട്ട്കേസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 24 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ യുവതി അൾജീരിയൻ കുടിയേറ്റക്കാരിയാണെന്നു കണ്ടെത്തി. ഇതേ തുടർന്ന് ഫ്രാൻസിന്റെ ദുർബലമായ കുടിയേറ്റ നിയമങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് തീവ്ര വലതുപക്ഷ നാഷണൽ റാലി പാർട്ടിയുടെ മറൈൻ ലെ പെൻ രംഗത്തെത്തി. ഈ പ്രാകൃത പ്രവൃത്തിയിൽ പ്രതി നമ്മുടെ നാട്ടിൽ ഉണ്ടാകാൻ പാടില്ലായിരുന്നു എന്നും ഈ അനിയന്ത്രിതമായ, രഹസ്യ കുടിയേറ്റം അവസാനിപ്പിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നതെന്താണ് എന്നും മറൈൻ ലെ പെൻ ജനറൽ അസംബ്ലിയിൽ ചോദിച്ചു.
പെൺകുട്ടിയുടെ കൊലപാതകത്തെ തുടർന്ന് ഫ്രാൻസിന്റെ കുടിയേറ്റ നിയമങ്ങൾ ശക്തവും കർശനവും ആക്കണമെന്നും അനധികൃത കുടിയേറ്റം കർശനമായി തടയണം എന്നും ഉള്ള ആവശ്യം ശക്തമാവുകയാണ്.