Tuesday, November 26, 2024

ഉത്തര കൊറിയയില്‍ കൊവിഡ് പുറപ്പെട്ട സമയം ഭരണാധികാരി കിം ജോങ് ഉന്നിനും കടുത്ത പനി ബാധിച്ചതായി സഹോദരി കിം യോ ജോങ്ങിന്റെ വെളിപ്പെടുത്തല്‍

ഉത്തര കൊറിയയില്‍ കൊവിഡ് പുറപ്പെട്ട സമയം ഭരണാധികാരി കിം ജോങ് ഉന്നിനും കടുത്ത പനി ബാധിച്ചതായി സഹോദരി കിം യോ ജോങ്ങിന്റെ വെളിപ്പെടുത്തല്‍. ദക്ഷിണ കൊറിയയാണ് ഉന്നിന് അസുഖം വരാന്‍ കാരണമെന്നും സഹോദരി കുറ്റപ്പെടുത്തി. ദക്ഷിണ കൊറിയയില്‍ നിന്നെത്തിയ ‘ലഘുലേഖ’കളാണ് ഉത്തരകൊറിയയില്‍ കൊവിഡ് വ്യാപനത്തിന് കാരണമെന്നും ഇത്തരം പ്രവൃത്തികള്‍ തുടരുകയാണെങ്കില്‍, വൈറസിനെ മാത്രമല്ല ദക്ഷിണ കൊറിയന്‍ അധികൃതരെയും ഉന്മൂലനം ചെയ്യുമെന്നും ഉന്നിന്റെ സഹോദരി കിം യോ ജോങ് പറഞ്ഞു. അതേസമയം, കിം യോ ജോങ്ങിന്റെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു.

ഉത്തരകൊറിയയുടെ മാധ്യമമായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍) ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പനി ബാധിച്ചപ്പോഴും തന്റെ സഹോദരന് ജനങ്ങളുടെ ആകുലതകള്‍ കാരണം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തരകൊറിയയില്‍ പൊട്ടിപ്പുറപ്പെട്ട പനി കൊവിഡ് കാരണമാണോ എന്ന കാര്യത്തില്‍ അവര്‍ വ്യക്തത നല്‍കിയില്ല. അമിതഭാരവും അമിതമായ പുകവലിയും കാരണം കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയില്‍ വര്‍ഷങ്ങളായി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ മാസം കിം ജോങ് ഉന്‍ 17 ദിവസത്തോളം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. കിമ്മിന്റെ കുടുംബത്തിലുള്ളവര്‍ക്ക് പാരമ്പര്യമായി ഹൃദ്രോഗമുള്ളതും അഭ്യൂഹങ്ങള്‍ക്ക് കാരണമായി.

Latest News