ബ്രിട്ടീഷ് പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ജീവശ്വാസമാണെന്നു ചാള്‍സ് മൂന്നാമന്‍ രാജാവ്. ബ്രിട്ടീഷ് കിരീടാവകാശിയായശേഷം ആദ്യമായി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ ബ്രിട്ടീഷ് നിയമനിര്‍മാതാക്കളുടെ സന്പന്നമായ പാരമ്പര്യത്തെയും അദ്ദേഹം പ്രശംസിച്ചു.
നിസ്വാര്‍ത്ഥസേവനത്തില്‍ പ്രിയപ്പെട്ട അമ്മ എലിസബത്ത് രാജ്ഞിയുടെ മാതൃക പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഹൗസ് ഓഫ് കോമണ്‍സിലെയും ഹൗസ് ഓഫ് ലോര്‍ഡ്‌സിലെയും അംഗങ്ങളുള്‍പ്പെടെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലെ 900 ത്തോളം വരുന്ന പ്രൗഢസദസിനെയാണ് ചാള്‍സ് രാജാവ് അഭിസംബോധന ചെയ്തത്.
രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ സര്‍ ലിന്‍ഡ്‌സെ ഹൊയ്ല്‍ വായിച്ചു. തുടര്‍ന്ന് സന്ദേശം പുതിയ രാജാവിനു കൈമാറി.
എലിസബത്ത് രാജ്ഞിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്‌ക്കൊപ്പം ചേരാനായി ചാള്‍സ് രാജാവും പത്‌നി കാമിലയും പിന്നീട് എഡിന്‍ബറോയിലേക്കു പോയി.