Sunday, November 24, 2024

രാജകിരീടം ചൂടി ചാൾസ് മൂന്നാമൻ; ലോകം സാക്ഷിയായത് പ്രൗഢഗംഭീരമായ ചടങ്ങുകൾക്ക്

ഏഴു പതിറ്റാണ്ടിന് ശേഷം പ്രൗഢ ഗംഭീരമായ പട്ടാഭിഷേകത്തിന് ലോകം സാക്ഷിയായി. വെസ്റ്റ്മിനിസ്റ്റർ ആബെയിൽ നടന്ന ചടങ്ങിൽ ബ്രിട്ടന്റെ പരമാധികാരിയായി ചാൾസ് മൂന്നാമൻ കിരീടംചൂടി അധികാരമേറ്റു. കാമില രാജ്ഞിയുടെ സ്ഥാനാരോഹണവും ഇതിനൊപ്പം നടന്നു. ചടങ്ങുകൾക്ക് ശേഷം ബക്കിങ്ങാം കൊട്ടാരത്തിൽ തിരിച്ചെത്തിയ ചാൾസും കാമിലയും ജനങ്ങളെ അഭിവാദ്യം ചെയ്തു.

കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ നേതൃത്വത്തിലാണ് ചാൾസ് മൂന്നാമനെ കിരീടം അണിയിച്ചത്. വെസ്റ്റ്മിനിസ്റ്റർ ആബെയിൽ കിരീടമണിയുന്ന നാൽപതാം പരമാധികാരിയാണ്‌ ചാൾസ് മൂന്നാമൻ രാജാവ്. 1937 ന് ശേഷം ഇതാദ്യമായാണ് ഒരു രാജ്ഞി ഒരു രാജാവിനൊപ്പം കിരീടധാരണം നടത്തുന്നത് എന്ന പ്രത്യേകതയും ഈ ചടങ്ങുകൾക്ക് ഉണ്ടായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മൂത്തമകനായ ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ കിരീടാവകാശിയാകുന്നത്. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം 1953-ലായിരുന്നു.

Latest News