ചാൾസ് രാജാവിന്റെ കിരീടധാരണം മെയ് ആറിന് നടത്തുവാൻ ഔദ്യോഗിക തീരുമാനമായി. ബിക്കിങ്ങാം കൊട്ടാരം ഔദ്യോഗികമായി ഇന്നലെ വൈകിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടൊപ്പം ചാൾസിന്റെ ഭാര്യ കാമിലയും രാജപത്നിയായി (ക്വീൻ കൺസോർട്ട്) അവരോധിക്കപ്പെടും. കിരീട ധാരണ ചടങ്ങുകൾക്കു വെസ്റ്റ് മിനിസ്റ്റർ ആബി വേദിയാകും.
എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്നാണ് ഒന്നാം കിരീടാവകാശിയായ മൂത്തമകൻ ചാൾസ് രാജാവായി ചുമതലയേറ്റത്. അന്നുമുതൽ രാജാവിന്റെ എല്ലാ ചുമതലകളും വഹിക്കുന്നുണ്ടെങ്കിലും ആംഗ്ലിക്കൻ സഭയുടെ തലവൻകൂടിയായ രാജാവ് ഔദ്യോഗികമായി അഭിഷിക്തനാകുന്നതും പരമാധികാരത്തിന്റെ അടയാളമായ ഇംപീരിയൽ ക്രൗൺ (രാജകിരീടം) അണിയിക്കുന്നതുമെല്ലാം കീരീടധാരണ ചടങ്ങിലാണ്.
കാന്റർബറി ആർച്ച്ബിഷപ് റവ. ഡോ. ജസ്റ്റിൽ വെൽബിയുടെ മുഖ്യകാർമികത്വത്തിലാകും ചടങ്ങുകൾ. ആർച്ച്‌ബിഷപ്പ് തന്നെയാകും രാജാവിനെ കീരീടം അണിയിക്കുക. 70 വർഷങ്ങൾക്കു മുമ്പ് 1953 ജൂണിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം. കിരീടധാരണസമയത്ത് ചാൾസിന് 74 വയസ് പൂർത്തിയാകും. 900 വർഷത്തെ ചരിത്രത്തിൽ ബ്രിട്ടനിൽ സ്ഥാനമേൽക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവാണ് ചാൾസ് മൂന്നാമൻ.