Tuesday, November 26, 2024

‘ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല’; സ്വവര്‍ഗ വിവാഹ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിനെതിരെ നിയമമന്ത്രി കിരണ്‍ റിജിജു

സ്വവര്‍ഗ വിവാഹ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിനെതിരെ വീണ്ടും നിയമമന്ത്രി കിരണ്‍ റിജിജു. സ്വവര്‍ഗ വിവാഹം പോലുള്ള വിഷയങ്ങള്‍ പരിഗണിക്കേണ്ട വേദി കോടതിയല്ല. കോടതി ഒരു വിധി തീരുമാനിച്ചാല്‍ അതിനെതിര് നില്‍ക്കാനാകില്ല. പക്ഷേ ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് റിജിജു പറഞ്ഞു.

സ്വവര്‍ഗ വിവാഹം പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് നിയമമന്ത്രിയുടെ പ്രതികരണം. വിവാഹം പോലുള്ള വളരെ സെന്‍സിറ്റീവും പ്രധാനപ്പെട്ടതുമായി വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയല്ല. രാജ്യത്തെ ജനങ്ങളാണ്. സുപ്രീംകോടതിക്ക് തീര്‍ച്ചയായും തീരുമാനങ്ങളെടുക്കാന്‍ അധികാരമുണ്ട്. പക്ഷേ രാജ്യത്തെ ഓരോ പൗരനെയും ബാധിക്കുന്ന വിഷയമാകുമ്പോള്‍ സുപ്രീംകോടതിയല്ല, ഫോറമെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.

സ്വവര്‍ഗവിവാഹ ഹര്‍ജികള്‍ കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീംകോടതി പിന്മാറണമെന്ന് ബാര്‍ കൗണ്‍സിലും ആവശ്യപ്പെട്ടിരുന്നു. സ്വവര്‍ഗവിവാഹത്തിന് ഇന്ത്യയിലെ 99.99 ശതമാനം ആളുകളും എതിരാണ്. നിയമനിര്‍മ്മാണ സഭ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും കോടതികള്‍ നിയമനിര്‍മ്മാണ സഭകളുടെ അധികാരത്തില്‍ കൈകടത്തുന്നത് ഉചിതമല്ല എന്നുമാണ് ബാര്‍ കൗണ്‍സില്‍ നിലപാട്. അതേസമയം സ്വവര്‍ഗവിവാഹം നഗര വരേണ്യ വര്‍ഗ്ഗത്തിന്റെ ആശയമെന്ന് കേന്ദ്രം നിലപാടെടുത്തിരുന്നു. സ്വവര്‍ഗവിവാഹ വിഷയത്തില്‍ സമര്‍പ്പിയ്ക്കപ്പെട്ട ഹര്‍ജികളുടെ പരിഗണനാ സാധുത പരിശോധിയ്ക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.

 

Latest News