Monday, November 25, 2024

കെ. കെ ശൈലജയുടെ ആത്മകഥ എം. എ ഇംഗ്ലീഷ് സിലബസില്‍: വിമര്‍ശനവുമായി അധ്യാപക സംഘടനകള്‍

മുന്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപണം. എം. എ ഇംഗ്ലീഷ് സിലബസിലാണ് ശൈലജയുടെ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്'(ഒരു സഖാവായുള്ള എന്റെ ജീവിതം) എന്ന ആത്മകഥ ഉൾപ്പെടുത്തിയത്. എന്നാല്‍ നടപടിക്കെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.

പിജി വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്ററില്‍ ലൈഫ് റൈറ്റിങ് എന്ന വിഭാഗത്തിലാണ് ശൈലജയുടെ ആത്മകഥയുടെ ഒരു ഭാഗം ഉള്‍പ്പെടുത്തിയത്. മഹാത്മാ ഗാന്ധിയുടെ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’, അംബ്ദേക്കറിന്റെ ‘വെയ്റ്റിങ് ഫോർ എ വിസ’, സി കെ ജാനുവിന്റെ പുസ്തകം മദര്‍ ഫോറസ്റ്റ്: ദ അണ്‍ ഫിനിഷ്ട് സ്റ്റോറി ഓഫ് സികെ ജാനു എന്നിവയ്‌ക്കൊപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉള്ളത്. സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ്‌ രവീന്ദ്രൻ സ്വന്തം നിലയ്ക്ക് രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയാണ് പുസ്തകം സിലബസിന്റെ ഭാഗമാക്കിയതിന് പിന്നിലെന്നും ആക്ഷേമുണ്ട്.

അതേസമയം, വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികളുടെ ജീവിതത്തെ കുറിച്ചുള്ള എഴുത്തുകള്‍ പരിചയപ്പെടുത്താനുള്ള ഈ പാഠഭാഗം വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പഠിക്കേണ്ട ഒന്നല്ല. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ശൈലജയുടെ ആത്മകഥാംശം ഉള്‍പ്പെടുത്തിയത് സിലബസിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണെന്നാണ് അധ്യാപക സംഘടനകളുടെ വിമര്‍ശനം. എന്നാല്‍ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പ്രാദേശിക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് അഡ്‌ഹോക് കമ്മിറ്റിയുടെ വിശദ്ദീകരണം.

 

Latest News