കാലിഫോർണിയ-ഒറിഗോൺ അതിർത്തിക്കടുത്തുള്ള ക്ലാമത്ത് നദിയുടെ ചുറ്റുമുള്ള പ്രദേശങ്ങൾ സംരക്ഷിക്കാനായി പോരാടിയ ഗോത്ര വർഗ്ഗക്കാർക്ക് വിജയം. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ അണക്കെട്ട് നീക്കംചെയ്യൽ പദ്ധതി ബുധനാഴ്ച പൂർത്തിയായതോടെയാണ് നാളുകളായി പരിസ്ഥിതി സംരക്ഷണത്തിനായി പോരാടിക്കൊണ്ടിരുന്ന ജനത വിജയം ആഘോഷിച്ചത്.
പ്രതിഷേധങ്ങളിലൂടെയും സാക്ഷ്യത്തിലൂടെയും വ്യവഹാരങ്ങളിലൂടെയും, പ്രാദേശിക ഗോത്രങ്ങൾ ഉയർന്നുനിൽക്കുന്ന നാല് ജലവൈദ്യുത അണക്കെട്ടുകൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക നാശത്തെ ലോകത്തിനു മുൻപിൽ വെളിപ്പെടുത്തി. ഡാമുകളുടെ വരവോടെ നദിയിലെ സൽമാൻ സമ്പത്ത് നാശത്തിന്റെ വക്കിലെത്തിയിരുന്നു. സ്ഥലത്തെ ഗോത്ര വർഗ്ഗങ്ങൾക്കു സൽമാൻ മൽസ്യം ആത്മീയമായും സാംസ്കാരികമായും പ്രാധാന്യം ഉള്ളവയായിരുന്നു. എന്നാൽ അണക്കെട്ടുകളുടെ വരവോടെ ഈ മൽസ്യ സമ്പത്ത് നാശത്തിന്റെ വക്കിലെത്തി. മലിന ജലത്തിൽ മീനുകൾ ചത്തുപോകങ്ങുന്നതും പതിവായി. ഇതോടെയാണ് ഗോത്ര വർഗ്ഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പവർ കമ്പനിയായ പസിഫികോർപ്പ് ആണ് 1918 നും 1962 നും ഇടയിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി അണക്കെട്ടുകൾ നിർമ്മിച്ചത്. എന്നാൽ ഈ ഡാമുകൾ പൂർണ്ണമായും ഉപയോഗിച്ചിരുന്നില്ല. ക്ലാമത്ത് റിവർ റിന്യൂവൽ കോർപ്പറേഷൻ്റെ അഭിപ്രായത്തിൽ അവർ ജലസേചനമോ കുടിവെള്ളമോ വെള്ളപ്പൊക്ക നിയന്ത്രണമോ നൽകിയില്ല.
മാത്രവുമല്ല പടിഞ്ഞാറൻ തീരത്തെ മൂന്നാമത്തെ വലിയ സാൽമൺ ഉത്പാദിപ്പിക്കുന്ന നദിയായി ഒരിക്കൽ അറിയപ്പെട്ടിരുന്ന ജലപാതയുടെ സ്വാഭാവിക ഒഴുക്ക് ഈ ഘടനകൾ തടഞ്ഞു. ഇതോടെ ഇവ കൂട്ടത്തോടെ ചത്തൊടുങ്ങുകയോ അവിടം വിട്ടു പോകുകയോ ചെയ്തു തുടങ്ങി. ഇത് പ്രതിഷേധം ശക്തമാക്കുവാൻ കാരണമായി. അണക്കെട്ടുകൾ തകർത്തതിന് ശേഷം, സാൽമൺ മത്സ്യങ്ങൾക്ക് അവയുടെ ആവാസ വ്യവസ്ഥയിലേക്ക് പ്രവേശനം ലഭിച്ചു, ജലത്തിൻ്റെ താപനില കുറയുകയും അതിൻ്റെ ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്തു, യുറോക് ട്രൈബിൻ്റെ സീനിയർ വാട്ടർ പോളിസി അനലിസ്റ്റ് മൈക്കൽ ബെൽചിക് പറഞ്ഞു.