സിബിഎസ്ഇ ചോദ്യപേപ്പറുകളുടെ ഘടന അടിമുടി മാറ്റുന്നു. 11, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ കഴിവ് അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ക്കൊപ്പം പ്രതികരണ ചോദ്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് മാറ്റങ്ങള്‍ വരുത്തുന്നത്. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകവും വിമര്‍ശനാത്മകവും വ്യവസ്ഥാപിതവുമായ ചിന്താശേഷി വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് പുതിയ മാറ്റങ്ങളെന്ന് സിബിഎസ്ഇ വ്യക്തമാക്കി.
പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, 11, 12 ക്ലാസുകളിലെ MCQ-കള്‍/കേസ് അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍, ഉറവിട അധിഷ്ഠിത സംയോജിത ചോദ്യങ്ങള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള കഴിവ് കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങള്‍ 40 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
അതേ സമയം നിര്‍മ്മിത പ്രതികരണ ചോദ്യങ്ങള്‍ (ഹ്രസ്വ ഉത്തര ചോദ്യങ്ങള്‍/ വലിയ ഉത്തരങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ ) 2024-25 അക്കാദമിക് സെഷനില്‍ 40 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി കുറച്ചിട്ടുണ്ട്. എന്നാല്‍ സെലക്ട് റെസ്‌പോണ്‍സ് ടൈപ്പ് ചോദ്യങ്ങള്‍ (MCQ) 20 ശതമാനമായി തന്നെ നിലനില്‍ക്കും. 9, 10 ക്ലാസുകളിലെ ചോദ്യപേപ്പറുകളുടെ ഘടനയില്‍ പുതിയ അക്കാദമിക് സെഷനില്‍ (2024-25) മാറ്റങ്ങളൊന്നും സിബിഎസ്ഇ വരുത്തിയിട്ടില്ല.