കൊച്ചി മെട്രോയുടെ എസ്.എന്‍ ജംഗ്ഷന് മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്ന് ആരംഭിക്കും. ആലുവയില്‍ നിന്ന് 25-ാമത്തെ സ്റ്റേഷനാണ് തൃപ്പൂണിത്തുറ. ഒപ്പം ഒന്നാംഘട്ടത്തിലെ ഒടുവിലത്തെ സ്റ്റേഷനുമാണ്. എസ് എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെ പരീക്ഷണ ഓട്ടത്തിന് പാളങ്ങള്‍ സജ്ജമായി കഴിഞ്ഞു. കൂടാതെ ഈ വഴിയിലെ സിഗ്നലിംഗ്, ടെലികോം, ട്രാക്ഷന്‍ ജോലികളും പൂര്‍ത്തിയായി കഴിഞ്ഞു. ഓപ്പണ്‍ വെബ് ഗിര്‍ഡര്‍ സാങ്കേതിക വിദ്യ കൊച്ചി മെട്രോയില്‍ ആദ്യം ഉപയോഗിച്ചത് എസ് എന്‍ ജംഗ്ഷന് തൃപ്പൂണിത്തുറ സ്റ്റേഷന്‍വരെയുള്ള 60 മീറ്റര്‍ മേഖലയിലാണ്.
ഇന്ന് രാത്രി 11.30 നാണ് ട്രെയിനിന്റെ പരീക്ഷണം നടക്കുന്നത്. പരീക്ഷണ ഓട്ടത്തിന് ശേഷം സ്ഥിരം സര്‍വീസ് ആരംഭിക്കുന്നതോടെ നഗരത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. റെയില്‍വേയുടെ സ്ഥലംകൂടി ലഭ്യമായതോടെയാണ് തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന്റെ നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയായത്.
ആലുവയില്‍ നിന്ന് കൊച്ചി നഗരം ചുറ്റി തൃപ്പൂണിത്തുറ വരെ 28.12 കിലോമീറ്റര്‍ ദൂരമാണ് മെട്രോ സര്‍വ്വീസ് നടത്തുന്നത്. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നടന്നുപോകാനുള്ള അകലത്തിലാണ് മെട്രോ സ്റ്റേഷനുള്ളത്. ഇത് തൃപ്പൂണിത്തുറയില്‍ എത്തുന്ന യാത്രക്കാര്‍ക്കും സഹായകമായിരിക്കും.