രാജ്യത്തെ ആദ്യ വാട്ടർ മെട്രോയായ കൊച്ചി വാട്ടര്‍ മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പെന്ന് റിപ്പോര്‍ട്ട്. ആറുമാസത്തിനിടെ 11.13 ലക്ഷം യാത്രക്കാര്‍ മെട്രോയിൽ യാത്രചെയ്തതായാണ് ഇതുവരെയുള്ള കണക്കുകള്‍. 2023 ഏപ്രിൽ 25 -നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ചത്.
78 ഹൈബ്രിഡ് ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 10 ദ്വീപുകൾ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന വാട്ടർ മെട്രോയുടെ കീഴിൽ 38 ടെർമിനലുകളുമുണ്ട്. നിലവിൽ വൈറ്റില, ഹൈക്കോടതി, വൈപ്പിൻ, കാക്കനാട്, ബോൾഗാട്ടി എന്നിങ്ങനെ 5 ടെർമിനലുകൾ കേന്ദ്രീകരിച്ചാണ് സർവീസ് നടത്തുന്നത്. അധികം വൈകാതെ മറ്റ് ടെർമിനലുകളിലേക്കും സർവീസ് വ്യാപിപ്പിക്കുന്നതാണ്. 1,136.83 കോടി രൂപ ചെലവിലാണ് കേരളത്തിന്റെ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോ യാഥാർഥ്യമാക്കിയത്.
അതേസമയം, കേരള സർക്കാറിന് 74% ഓഹരി പങ്കാളിത്തവും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് 26% ഓഹരിയുമുള്ള സംയുക്തസംരംഭമാണ് കൊച്ചി വാട്ടര്‍മെട്രോ. ഇതിന‍്റെ നടത്തിപ്പുചുമതല കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിനാണ്.