Sunday, November 24, 2024

ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങി കൊൽക്കൊത്തയുടെ ട്രാം സർവീസ്

തിരക്കേറിയ റോഡിൽ വാഹനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന ‘ട്രാം’ കൊൽക്കൊത്തയിലെ മനോഹരമായ കാഴ്ചയായിരുന്നു. എന്നാൽ ഇന്ന് ഈ കാഴ്ചകൾ ചരിത്രത്താളുകളിലേക്ക് ഒതുങ്ങുകയാണ്. കൊൽക്കത്തയുടെ, 150 വർഷം പഴക്കമുള്ള ട്രാം സർവീസ് നിർത്തലാക്കാൻ ബംഗാൾ സർക്കാർ തീരുമാനിച്ചതോടെയാണ് ഈ മനോഹരകാഴ്ചകൾക്ക് അവസാനമാകുന്നത്.

ഒറ്റ സ്‌ട്രെച്ചിൽ മാത്രമായിരിക്കും ഇനി ട്രാം സർവീസ് നടത്തുക. ബാക്കി സർവീസുകളെല്ലാം നിർത്തലാക്കാനാണ് സർക്കാർ തീരുമാനം. നഗരത്തിലെ വർധിച്ചുവരുന്ന വാഹനഗതാഗതത്തിനും പരിമിതമായ റോഡുകൾക്കുമിടയിൽ ട്രാമുകളുടെ പ്രവർത്തനം തുടരുന്നത് ബുദ്ധിമുട്ടായതിനെത്തുടർന്നാണ് ഇത് നിർത്തലാക്കാൻ ഒരുങ്ങുന്നത്. തീരുമാനത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് ട്രാം പ്രേമികൾ.

നിലവിൽ ട്രാമുകൾ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏകനഗരമാണ് കൊൽക്കത്ത. ഈ ട്രാമുകൾക്കു പറയാൻ 150 വർഷത്തെ പൈതൃകവുമുണ്ട്. മുൻ നൂറ്റാണ്ടിൽ ഗതാഗതത്തിൽ നിർണ്ണായകപങ്കു വഹിച്ചത് ട്രാമുകളായിരുന്നു. 1873-ൽ ആദ്യമായി കുതിരവണ്ടികളായി അവതരിപ്പിച്ചവയാണ് ട്രാമുകൾ. പിന്നീട് ഇവ ഒരു കാലഘട്ടത്തിലെ പ്രധാന ഗതാഗതമാർഗമായി മാറുകയായിരുന്നു. നഗരത്തിൽ ട്രാമുകളുടെ വേഗം 20-30 കിലോമീറ്റാണ്. ഇത് മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സർക്കാർ ഇവയുടെ പ്രവർത്തനം നിർത്തലാക്കാൻ ഒരുങ്ങുന്നത്.

കൊൽക്കത്തയിൽ ട്രാം സർവീസുകൾ പുനഃസ്ഥാപിക്കാനും പുനരുജ്ജീവിപ്പിക്കാനും പൊതു-സ്വകാര്യ പങ്കാളിത്തമാതൃക ഉപയോഗിക്കാമെന്ന് കഴിഞ്ഞ വർഷം കോടതി പൊതുതാല്പര്യഹർജി പരിഗണിച്ചപ്പോൾ പറഞ്ഞിരുന്നു. ട്രാം സർവീസുകൾ നിർത്താൻ അനുവദിക്കില്ലെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സംസ്ഥാന സർക്കാർ കൈയേറ്റങ്ങൾ മാറ്റി റോഡിന് വീതി കൂട്ടണമെന്നും ട്രാം യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Latest News