Sunday, November 24, 2024

അധികപ്പറ്റായി കോട്ടയത്തെ ആകാശപ്പാത; വിജിലന്‍സ് അന്വേഷണത്തോടൊപ്പം പാത പൊളിച്ചുനീക്കാനും ആലോചന

കോട്ടയത്തിന്റെ സ്വപ്‌ന പദ്ധതിയായി കെട്ടിപ്പൊക്കിയ ആകാശപ്പാതയുടെ നിര്‍മാണം അന്വേഷിക്കാന്‍ ഒടുവില്‍ വിജിലന്‍സും എത്തി. ആകാശപ്പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2020 -ലുണ്ടായ പരാതിയിലാണ് അന്വേഷണവും പരിശോധനയും. പരാതിയുടെ അടിസ്ഥാനത്തില്‍ എത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരും വിജിലന്‍സിന്റെ നിര്‍ദേശാനുസരണമെത്തിയ പൊതുമരാമത്ത് വകുപ്പ് സംഘവുമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ആകാശപ്പാതയ്ക്ക് ആവശ്യമായ സ്ഥലം എടുക്കാതെ നിര്‍മാണം തുടങ്ങിയതിനെക്കുറിച്ച് നേരത്തെതന്നെ പരാതികളുണ്ടായിരുന്നു.

2015 മേയ് മാസത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ ആകാശപ്പാതയെന്ന അഞ്ചേമുക്കാല്‍ കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. മുന്‍സിപ്പല്‍ ഓഫീസിനു മുന്നില്‍ അഞ്ചുറോഡുകള്‍ കൂടിച്ചേരുന്ന ഏറ്റവും തിരക്കേറിയ ജംഗ്ഷനിലാണ് ആകാശപ്പാത. കിറ്റ്‌കോക്കിനായിരുന്നു നിര്‍മാണച്ചുമതല. ഭരണം മാറിയതോടെ നിര്‍മാണം നിലച്ചു. 2019 ല്‍ വീണ്ടും പാതയ്ക്ക് ജീവന്‍ വച്ചു. എന്നാല്‍ തൂണുകള്‍ സ്ഥാപിച്ചതല്ലാതെ പിന്നീടൊന്നും നടന്നില്ല.

ഇതിനിടെ ആകാശപാത പൊളിച്ചു മാറ്റുന്ന കാര്യത്തില്‍ ആലോചനയിലാണ് റോഡ് സുരക്ഷാ അതോറിറ്റി. അപകടഭീഷണിയായി മാറിയ നിര്‍മിതി പൊളിച്ചുകളയണമെന്ന് പല കോണുകളില്‍ നിന്നും സമ്മര്‍ദവുമുണ്ട്. രൂപരേഖയില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി പദ്ധതി ജനോപകാരപ്രദമായ വിധത്തില്‍ ആവിഷ്‌കരിക്കണമെന്നാണ് മറ്റൊരുവാദം.

പാതയുടെ രൂപരേഖ പ്രകാരം നഗരസഭ ഓഫീസിനു മുമ്പിലും ബേക്കര്‍ ജംഗ്ഷനിലേക്കുള്ള റോഡിലും ടെബിള്‍ റോഡിലും ശാസ്ത്രി റോഡിലുമാണ് ലിഫ്റ്റ് വിഭാവനം ചെയ്തിട്ടുള്ളത്. നഗരസഭയുടെ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ സ്ഥലം കിട്ടിയിട്ടില്ല. ഇക്കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

നാലു മാസം മുമ്പ് ഗതാഗതമന്ത്രി ആന്റണി രാജു കോട്ടയത്ത് എത്തിയപ്പോള്‍ ആകാശപാതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു. എന്നിട്ടും തുടര്‍ നടപടികളുണ്ടായില്ല. കോട്ടയത്തിന്റെ സ്വപ്‌ന പദ്ധതി സ്വപ്‌നം മാത്രമായി അവശേഷിക്കുമോ എന്നതാണ് നാട്ടുകാരുടെ സംശയം.

 

Latest News