കോഴിക്കോട് രൂപതയെ മെത്രാപ്പോലീത്തൻ അതിരൂപതയായി ഉയർത്തി. പ്രഥമ ആർച്ചുബിഷപ്പായി ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ സ്ഥാനമേറ്റു. കണ്ണൂർ റോഡിൽ സിറ്റി സെന്റ് ജോസഫ്സ് പള്ളിയിൽ നടന്ന ചടങ്ങിലാണ് രൂപത അതിരൂപതയായും ഡോ. വർഗീസ് ചക്കാലയ്ക്കലിനെ മെത്രാപ്പോലീത്തയായും ഉയർത്തിയത്.
ഇന്ത്യയിലെ അപ്പോസ്തലിക് നൂൺഷ്യോ റവ. ഡോ. ലിയോപോൾഡോ ജിറല്ലി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ വചനപ്രഘോഷണം നടത്തി. വിശുദ്ധ കുർബാനയ്ക്കുശേഷം, ഫ്രാൻസിസ് മാർപാപ്പ ഏപ്രിൽ 12 നു പുറപ്പെടുവിച്ച ഡിക്രി റവ. ഡോ. ലിയോപോൾഡോ ജിറല്ലി വായിച്ചു. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ ഉള്‍പ്പെടുന്നതായിരിക്കും കോഴിക്കോട് അതിരൂപത.
1953 ല്‍ കോട്ടപ്പുറം രൂപതയിലെ മാളപ്പള്ളിപുരത്തു ജനിച്ച ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കൽ മാളയിലും മംഗലാപുരത്തുമായി പഠനം നടത്തി. 1981 ൽ പൗരോഹിത്യം സ്വീകരിക്കുകയും 1998 ൽ കണ്ണൂരിലെ ആദ്യത്തെ ബിഷപ്പായി സ്ഥാനമേൽക്കുകയും ചെയ്തു. 2012 ൽ കോഴിക്കോട് രൂപതാധ്യക്ഷനായി നിയമിതനായി. കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെ സി ബി സി), ഇന്ത്യൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (സി സി ബി ഐ) എന്നിവയുടെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ചിരുന്ന ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കൽ, നിലവിൽ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെ ആർ എൽ സി ബി സി) അധ്യക്ഷന്‍ കൂടിയാണ്.