മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മാണവും പരിപാലനവും ഉറപ്പാക്കിയാല്‍ വയനാട് തുരങ്കപാത പരിസ്ഥിതിക്ക് ദോഷമില്ലാതെ നടപ്പാക്കാമെന്ന് കിറ്റ്കോയുടെ പാരിസ്ഥിതിക ആഘാത പഠനറിപ്പോര്‍ട്ട്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
വയനാട് കോഴിക്കോട് ജില്ലകളിലെ ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി എന്നിവിടങ്ങളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന ട്വിന്‍ ട്യൂബ് ഏകദിശ തുരങ്ക റോഡ് നിര്‍മാണം സംബന്ധിച്ച് ദേശീയ തലത്തിലുള്ള വിദഗ്ധ ഏജന്‍സി പഠനം നടത്തിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ പാലിച്ചുവേണം നിര്‍മാണമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. മലയുടെ ചെരിഞ്ഞ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാല്‍ ലംബമായ രീതിയിലാണ് അലൈന്‍മെന്റ്. നിര്‍മാണ സമയത്ത് ശബ്ദം, കമ്പനം എന്നിവ തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നു.
പദ്ധതി പ്രദേശത്തിന്റെ 15 കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതിലോല പ്രദേശമാണ്. തുരങ്ക നിര്‍മാണം ഈ പ്രദേശത്തെ പ്രതികൂലമായി ബാധിക്കില്ല. എന്നാല്‍ ഭൂകമ്പം പോലെയുള്ളവ പ്രതിരോധിക്കാന്‍ തുടര്‍ച്ചയായ പരിശോധന വേണം. ധന്‍പഥ് ഐഐടിയിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ് നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ മലതുരക്കാന്‍ എന്‍എടിഎം (ന്യൂ ഓസ്ട്രിയന്‍ ടണലിങ് മെത്തേഡ്) മാര്‍ഗം ഉപയോഗിക്കുമ്പോള്‍ ചിലയിടങ്ങളില്‍ വേഗത നിയന്ത്രിക്കണം.
ആനക്കൂട്ടം ഇറങ്ങുന്ന പ്രദേശമായതിനാല്‍ നിര്‍മാണഘട്ടത്തിലും തുടര്‍ന്നും രക്ഷാപ്രവര്‍ത്തനവൈദഗ്ധ്യമുള്ള വനംവകുപ്പ് സംഘത്തിന്റെ സേവനം 24 മണിക്കൂറും ഉറപ്പാക്കണം. മലമ്പ്രദേശത്തെ ജലസമ്പത്തിനെയോ ജൈവവൈവിധ്യത്തെയോ പദ്ധതി ബാധിക്കില്ല. 0.99 ഹെക്ടര്‍ തുറന്ന വനഭൂമിമാത്രമാണ് തുരങ്കത്തിന് സമീപത്തായി നഷ്ടപ്പെടുക.
പകരമായി വയനാട് ഡിവിഷനില്‍ 17.5 ഹെക്ടര്‍ വനംവകുപ്പിന് നല്‍കി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തും. തെളിവെടുപ്പില്‍ പങ്കെടുത്തവരുടെ പ്രതികരണം ഉള്‍പ്പെടുത്തി പഠന റിപ്പോര്‍ട്ട് സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് അതോറിറ്റിക്ക് കൈമാറും. ഇവയുടെ അംഗീകാരം ലഭിച്ചശേഷമാണ് കൊങ്കണ്‍ റെയില്‍വേ നിര്‍മാണം തുടങ്ങുക. 2043.74 കോടിയാണ് പ്രതീക്ഷിത ചെലവ്.