കലയേയും കലാകാരന്മാരെയും ഏറ്റെടുത്ത കോഴിക്കോടിന്റെ മണ്ണില്‍ 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. ആതിഥേയരായ കോഴിക്കോട് ജില്ല 938 പോയിന്‍റോടെ കലാകിരീടം ഉറപ്പിച്ചു. വൈകിട്ട് അഞ്ചു മണിക്കാണ് സമാപന സമ്മേളനം.
ജനുവരി മൂന്നിന് ആരംഭിച്ച സ്കൂള്‍ കലോത്സവത്തില്‍ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണകപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ആദ്യ ദിവസങ്ങളില്‍ പിന്നിട്ടു നിന്നിരുന്ന കോഴിക്കോട് ജില്ല വന്‍ തിരിച്ചുവരവാണ് ഇന്ന് നടത്തിയത്. മുന്‍ചാമ്പ്യന്മാരായ പാലക്കാട് ജില്ലയെ പിന്തള്ളിയാണ് ആതിഥേയജില്ലയുടെ തേരോട്ടം. ചെറിയ ഒരു ഇടവേളക്കു ശേഷമാണ് കോഴിക്കോട് ജില്ല കലാകിരീടം തിരിച്ചുപിടിക്കുന്നത്.
അതേസമയം സ്വര്‍ണ്ണകപ്പ് കോഴിക്കോട് ഉറപ്പിച്ചെങ്കിലും രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ് കണ്ണൂരും പാലക്കാടും. 912 പോയിന്റോടെ നിലവില്‍ പാലക്കാടിനെ പിന്തള്ളി കണ്ണൂരാണ് മുന്‍പില്‍. സ്കൂള്‍തലത്തില്‍ പാലക്കാട് ഗുരുകുലം സ്കൂളാണ് മുന്‍പില്‍.