വിവാദങ്ങൾക്കൊടുവിൽ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹം നേരിട്ടെത്തിയാണ് രാജിക്കത്ത് കൈമാറിയത്. എന്നാല്‍ കാലാവധി അവസാനിച്ചതിനാലാണ് രാജി വയ്ക്കുന്നതെന്നാണ് അദേഹത്തിന്റെ വിശദീകരണം.
2021 ഡിസംബര്‍ നാലു മുതല്‍ ശങ്കര്‍ മോഹനെതിരെ വിദ്യര്‍ത്ഥികള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളോട് ജാതീയമായ വിവേചനം കാണിച്ചെന്നത് ഉള്‍പ്പടെയുള്ള പരാതികളെ തുടര്‍ന്നായിരുന്നു സമരം. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പരാതികളെക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു. മുൻ ചീഫ് സെക്രട്ടറിയും ഐഎംജി ഡയറക്ടറുമായ കെ. ജയകുമാർ, ന്യുവാൽസ് മുൻ വൈസ് ചാൻസലർ ഡോ. എൻ.കെ. ജയകുമാർ എന്നിവരടങ്ങിയ രണ്ടംഗ സമിതിയെയാണ് നിയമിച്ചത്.
കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശങ്കർ മോഹന്‍ ഗുരുതര വീഴ്ചകള്‍ ഉണ്ടായതായാണ് വിലയിരുത്തല്‍. അതേ സമയം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള സമരം 46 ദിവസം പിന്നിടുമ്പോഴാണ് അദേഹത്തിന്റെ രാജി. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലും രാജിക്കത്ത് നൽകിയതായാണ് പുറത്തുവരുന്ന വിവരം.