കഴിഞ്ഞ തിങ്കളാഴ്ച, ക്രെമെന്‍ചുക് ഷോപ്പിംഗ് മാളില്‍ റഷ്യന്‍ മിസൈലാക്രമണമുണ്ടാകുമ്പോള്‍ 26 കാരനായ മാക്സിം മ്യൂസിയെങ്കോ ക്രെമെന്‍ചുക് ഷോപ്പിംഗ് മാളിലെ ഒരു ഇലക്ട്രോണിക്‌സ് സ്റ്റോറിലെ ജോലിയിലായിരുന്നു. എയര്‍ കണ്ടീഷണറുകള്‍ വില്‍ക്കുന്ന സ്‌റ്റോറില്‍ അത് വാങ്ങാനെത്തിയവരെ സഹായിക്കുകയായിരുന്നു അദ്ദേഹം. ആ സമയം കടയില്‍ നൂറോളം ഇടപാടുകാര്‍ ഉണ്ടായിരുന്നതായി അദ്ദേഹം പറയുന്നു.
‘ഞങ്ങള്‍ ജോലി ചെയ്യുകയായിരുന്നു. കടയില്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു, പക്ഷേ അതിനുശേഷം എനിക്ക് ഒന്നും ഓര്‍മ്മയില്ല. ഭാര്യ വിളിക്കുമ്പോള്‍ ഞാന്‍ തീയുടെ മധ്യത്തിലായിരുന്നു’. അദ്ദേഹം പറയുന്നു. പ്രാദേശിക സമയം വൈകിട്ട് നാലിന് ഒരു റഷ്യന്‍ മിസൈല്‍ നഗരമധ്യത്തിലുള്ള മാളില്‍ പതിച്ചു. 18 പേര്‍ കൊല്ലപ്പെടുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് കരുതപ്പെടുന്നത്.
മ്യൂസിയെങ്കോയ്ക്ക് നല്ല രീതിയില്‍ പരിക്കേറ്റു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്. ഭാര്യ വിക്ടോറിയയാണ് ആശുപത്രിയില്‍ സഹായത്തിനുള്ളത്. തങ്ങളുടെ വിവാഹവാര്‍ഷികവും ഭാര്യയുടെ ജന്മദിനവുമെല്ലാം ആശുപത്രിയിലായതായി അവര്‍ പറഞ്ഞു.
‘ഷോപ്പിംഗ് സെന്റര്‍ റഷ്യക്കാര്‍ക്ക് ഒരു തരത്തിലും ഭീഷണിയല്ല. മാത്രവുമല്ല അത് അതിര്‍ത്തിയില്‍ നിന്ന് വളരെ അകലെയുമാണ്’. മ്യൂസിയെങ്കോ പറഞ്ഞു. ‘ഞങ്ങള്‍ ആരെയും ആക്രമിച്ചിട്ടില്ല. ഞങ്ങള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു’. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഈ ദമ്പതികളെ പോലെ അനേകര്‍ പ്രസ്തുത ആക്രമണത്തിന്റെ ഇരകളായി ഇപ്പോഴും ആശുപത്രികളില്‍ കഴിയുകയാണ്.
റഷ്യന്‍ സൈന്യം ഒരിക്കലും ഒരു ഷോപ്പിംഗ് സെന്റര്‍ ആക്രമിക്കുമെന്ന് കരുതിയില്ലെന്നാണ് പ്രസ്തുത ആക്രമണത്തിന് ഇരകളായവരെല്ലാം പറയുന്നത്. സ്ത്രീകളും കുട്ടികളും ധാരാളമുള്ള സ്ഥലമല്ലേ ഷോപ്പിംഗ് മാള്‍ പോലൊരിടം. അവര്‍ വേദനയോടെ ചോദിക്കുന്നു.
ഷോപ്പിംഗ് മാള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലം ഇപ്പോള്‍ കുഴഞ്ഞുമറിഞ്ഞ നിലയിലാണ്. രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും സ്ഥലത്ത് അവശേഷിക്കുന്ന അവശിഷ്ടങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നു.
ഷോപ്പിംഗ് മാള്‍ സൈറ്റ് നഗരത്തിന്റെ തിരക്കേറിയ ഭാഗത്താണ് – ഏകദേശം 36,000 ആളുകള്‍ 2 കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നു. അവിടെ ഒരു ഫുഡ് കോര്‍ട്ടും നിരവധി സ്റ്റോറുകളും ഉണ്ടായിരുന്നു. വസ്ത്രങ്ങള്‍ മുതല്‍ ആഭരണങ്ങള്‍ വരെ അവിടെ ലഭ്യവുമായിരുന്നു.
സിവിലിയന്‍മാര്‍ക്കെതിരായ വിവേചനരഹിതമായ ആക്രമണം യുദ്ധക്കുറ്റമാണെന്ന് സമ്പന്ന രാഷ്ട്രങ്ങളുടെ ജി 7 ഗ്രൂപ്പിന്റെ നേതാക്കള്‍ പറയുമ്പോള്‍ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ആക്രമണത്തെ ‘ലജ്ജാകരമായ ഭീകരപ്രവര്‍ത്തനം’ എന്നാണ് വിശേഷിപ്പിച്ചത്.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപം മരിച്ചവരുടെ സ്മാരകം സ്ഥാപിച്ചിട്ടുണ്ട്. മെഴുകുതിരി കത്തിക്കാനും പുഷ്പങ്ങള്‍ അര്‍പ്പിക്കാനും കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും ആളുകളുടെ നിരന്തര പ്രവാഹമാണ് ഇപ്പോഴും.