Tuesday, November 26, 2024

യുക്രൈന്‍ ഭരണകര്‍ത്താക്കള്‍ ഉടമ്പടിയില്‍ ഒപ്പിടും; യുക്രൈനിലെ നാല് പ്രദേശങ്ങള്‍ റഷ്യയുടെ ഭാഗമാകും

യുക്രയ്നില്‍ ഹിതപരിശോധന പൂര്‍ത്തിയാക്കിയ നാല് പ്രദേശം വെള്ളിമുതല്‍ രാജ്യത്തിന്റെ ഭാഗമാകുമെന്ന് റഷ്യ. ക്രെംലിനിലെ സെന്റ് ജോര്‍ജ് ഹാളില്‍ വെള്ളിയാഴ്ച നടക്കുന്ന ചടങ്ങില്‍ ഡൊണെട്‌സ്‌ക്, ലുഹാന്‍സ്‌ക് സ്വതന്ത്ര റിപ്പബ്ലിക്കുകള്‍, സപൊറീഷ്യ, ഖെര്‍സണ്‍ മേഖലകള്‍ എന്നിവയുടെ ഭരണകര്‍ത്താക്കള്‍ റഷ്യയില്‍ ചേരാനുള്ള ഉടമ്പടിയില്‍ ഒപ്പിടും.

ഔദ്യോഗിക പ്രഖ്യാപന ചടങ്ങില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പങ്കെടുക്കുമെന്നും വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. നിലവില്‍ യുക്രയ്‌ന്റെ 15 ശതമാനം വരുന്ന ഭൂപ്രദേശമാണ് റഷ്യയ്ക്ക് ഒപ്പം ചേരുന്നത്.

ചൊവ്വാഴ്ച പൂര്‍ത്തിയായ ഹിതപരിശോധനയില്‍ നാല് മേഖലയിലെയും ജനങ്ങള്‍ റഷ്യയുടെ ഭാഗമാകുന്നതിനെ പിന്തുണച്ചു. സപൊറീഷ്യയില്‍ 93ഉം ഖെര്‍സണില്‍ 87ഉം ലുഹാന്‍സ്‌കില്‍ 98ഉം ഡൊണെട്സ്‌കില്‍ 99ഉം ശതമാനം ആളുകള്‍ അനുകൂലമായി വോട്ടുചെയ്തു.

എന്നാല്‍, യുക്രയ്നും അമേരിക്ക, യുകെ, ജര്‍മനി തുടങ്ങിയ സഖ്യരാഷ്ട്രങ്ങള്‍ ഹിതപരിശോധനയെ മാനിക്കുന്നില്ലെന്ന് വ്യക്തമാക്കി. ജനങ്ങളെ പുറത്തിറങ്ങുന്നതില്‍നിന്ന് വിലക്കിയും ആയുധധാരികളായ ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തിയുമാണ് വോട്ടെടുപ്പ് നടത്തിയതെന്നും ഈ രാജ്യങ്ങള്‍ ആരോപിക്കുന്നു.

പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന ആയുധസഹായത്തിന്റെ ബലത്തില്‍ ഒരു മാസമായി റഷ്യക്കെതിരായ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് യുക്രയ്ന്‍. റഷ്യയോട് കൂറ് പ്രഖ്യാപിച്ച മേഖല സംരക്ഷിക്കാനായിരിക്കും ഇനി പുടിന്റെ പോരാട്ടം. അതിനിടെ, ഖര്‍കിവില്‍നിന്ന് 160 കിലോമീറ്റര്‍ തെക്കുകിഴക്കായുള്ള ലൈമന്‍ പ്രദേശത്തെ ഗ്രാമങ്ങള്‍ യുക്രയ്ന്‍ തിരിച്ചുപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Latest News