ഉപയോക്താക്കൾക്ക് മാസംതോറും വൈദ്യുതി ബിൽ നൽകുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചുള്ള ആലോചനയിലാണ് കെ. എസ്. ഇ. ബി. ആവശ്യപ്പെടുന്നവർക്ക്, അവർ സ്വയം നടത്തുന്ന മീറ്റർ പരിശോധനയുടെ അടിസ്ഥാനത്തിൽ (സെൽഫ് മീറ്റർ റീഡിങ്) മാസംതോറും ബിൽ നൽകുന്നത് സാധ്യമാണോ എന്നാണ് ആലോചിക്കുന്നത്. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിർദേശമനുസരിച്ചാണ് ഇത്തരത്തിലുള്ള മാർഗം നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
ഇപ്പോൾ രണ്ടുമാസത്തിലൊരിക്കൽ മീറ്റർ റീഡർ വീടുകളിലെത്തി റീഡിങ് എടുത്താണ് വൈദ്യുതി ബിൽ നൽകുന്നത്. രണ്ടുമാസത്തെ ഉപയോഗത്തിന്റെ പകുതി കണക്കാക്കിയാണ് സ്ലാബ് നിർണ്ണയിക്കുന്നത്. എന്നാൽ, രണ്ടു മാസത്തിലൊരിക്കൽ ബിൽ നൽകുന്നതിനാൽ ഉപയോഗത്തിന്റെ സ്ലാബ് മാറുമെന്നും കൂടുതൽ പണം അടയ്‌ക്കേണ്ടിവരുമെന്നുമുള്ള ഒരുവിഭാഗം ആളുകളുടെ പരാതിയെതുടർന്നാണ് കെ. എസ്. ഇ. ബി. ആവശ്യപ്പെടുന്നവർക്ക് മാസത്തിൽ ബിൽ കൊടുക്കുക എന്ന ആലോചനയിലേക്ക് എത്തുന്നത്.
ബിൽ രണ്ടുമാസത്തിലൊരിക്കൽ നൽകുന്നതുകൊണ്ട് ഉപയോഗിക്കാത്ത വൈദ്യുതിക്ക് പണം ഈടാക്കുന്നില്ലെന്നും സ്ലാബ് മാറുന്നില്ലെന്നും റെഗുലേറ്ററി കമ്മിഷൻ വിശദീകരിച്ചിരുന്നു. എന്നാൽ, ഭൂരിഭാഗം ആളുകളും ഈ വിശദീകരണത്തിൽ തൃപ്തരല്ല.