Friday, March 21, 2025

വിനോദയാത്രകള്‍ക്ക് ഇനി കെഎസ്ആര്‍ടിസിയും: നിരക്കുകള്‍ പ്രഖ്യാപിച്ചു

സ്കൂള്‍ വിനോദയാത്രകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ വിനോദസഞ്ചാര പാക്കേജുമായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോട്ടേഷൻ. ഇത് സംബന്ധിച്ച ടിക്കറ്റ് നിരക്കുകള്‍ കെഎസ്ആര്‍ടിസിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴിയാണ് പ്രഖ്യാപിച്ചത്. ഇതിനായി മിനി ബസുകള്‍ മുതല്‍ വോള്‍വോ മള്‍ട്ടി ആക്സില്‍ ബസുകള്‍ വരെ ഉപയോഗപ്പെടുത്താനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.

സുരക്ഷിതം ലാഭകരം എന്ന ഹാഷ്ടാഗോടുകൂടിയാണ് പുതിയ പദ്ധതിയുടെ മിനിമം നിരക്കുകള്‍ കെഎസ്ആര്‍ടിസി പങ്കുവച്ചത്. വിദ്യാര്‍ത്ഥികളുടെ പഠനയാത്രകള്‍ക്കായി ഏഴ് വിഭാഗങ്ങളിലുളള ബസുകളാണ് നിരത്തിലിറങ്ങുക. നാല്, എട്ട്, 12, 16 മണിക്കൂര്‍ എന്നിങ്ങനെ സമയം അടിസ്ഥാനത്തിലും ബസുകള്‍ വാടകയ്ക്ക് നല്‍കും.

മിനി ബസിന് നാലുമണിക്കൂറിന് 8800 രൂപയും 16 മണിക്കൂറിന് 20,000 രൂപയുമാണ് നിരക്ക്. ഓര്‍ഡിനറിക്ക് 9250 രൂപ മുതല്‍ 21,000 രൂപവരെയുമാണ് നിരക്ക്. ഫാസ്‌റ്റിന് നാലു മണിക്കൂറിന് 9500 രൂപയും 16 മണിക്കൂറിന് 23,000 രൂപയും ഈടാക്കും. സൂപ്പര്‍ ഫാസ്‌റ്റിന് നാലുമണിക്കൂറിന് 9900 രൂപയാണ് നിരക്ക്, 16 മണിക്കൂറിന് 25,000 രൂപയും. സൂപ്പര്‍ എക്‌സ്പ്രസിന് 10,250 രൂപ മുതല്‍ 26,000 രൂപ വരെയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

എസി ലോ ഫ്‌ളോറിന് നാലുമണിക്കൂറിന് 11,000 രൂപയും, 12 മണിക്കൂറിന് 22,000 രൂപയും വോള്‍വോ ബസിന് 15,000 മുതല്‍ 35,000 രൂപവരെയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. അധികമായി സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും നിശ്ചിത തുക നൽകേണ്ടതായും വരും.

കെഎസ്ആര്‍ടിസിക്ക് അധികവരുമാനം ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി എന്നാണ് വിലയിരുത്തല്‍. വടക്കാഞ്ചേരി അപകടത്തെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹാനവകുപ്പ് കടുത്ത നടപടികള്‍ എടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് ചില വിദ്യാലയങ്ങള്‍ പഠനയാത്രകള്‍ക്കായി കെഎസ്ആര്‍ടിസി ബസുകള്‍ തെരഞ്ഞെടുത്തത് വലിയ ചര്‍ച്ച ആയിരുന്നു.

അതേസമയം വിവാഹ യാത്രക്കായി കഴിഞ്ഞ ദിവസം പോയ ബസിന്‍റെ ചിത്രങ്ങള്‍ വൈറല്‍ ആയതിനെത്തുടര്‍ന്ന് ഡ്രൈവര്‍ക്കെതിരെ കെഎസ്ആര്‍ടിസി നടപടി എടുത്തിരുന്നു. കെഎസ്ആര്‍ടിസിയുടെ പേര് താമരാക്ഷന്‍ പിള്ള എന്ന് മറ്റുകയും ബസ് മുഴുവന്‍ ചെടികള്‍ വച്ച് അലങ്കരിച്ചതിനുമായിരുന്നു നടപടി.

Latest News