കേരള സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ബസ് സര്‍വ്വീസ് ഇന്ന് മുതല്‍ ആരംഭിക്കും. വൈകുന്നേരം 5.30 മുതല്‍ തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി സെന്‍ട്രല്‍ ഡിപ്പോയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം നിര്‍വ്വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ് വെബ്‌സൈറ്റ് പ്രകാശനവും സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് ആദ്യത്തെ റിസര്‍വേഷന്‍ ചെയ്തവര്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണവും നിര്‍വ്വഹിക്കും. ഡോ. ശശി തരൂര്‍ എം.പിയും, മേയര്‍ ആര്യ രാജേന്ദ്രനും ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ആദ്യ സര്‍വ്വീസ് തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്കാണ്. ഇതോടൊപ്പം കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പട്ടണങ്ങളിലേക്ക് സിഫ്റ്റ് കമ്പിനിയുടെ ഉടമസ്ഥതയിലുള്ള ബസുകളുടെ സര്‍വ്വീസുകളും ആരംഭിക്കും. അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ക്കാണ് കെഎസ്ആര്‍ടിസി – സിഫ്റ്റിലെ കൂടുതല്‍ ബസുകളും ഉപയോഗിക്കുക. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്ആര്‍ടിസി) എന്ന മൊബൈല്‍ ആപ്പ് വഴിയും ചെയ്യാവുന്നതാണ്.
സര്‍ക്കാര്‍ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകളില്‍ 99 ബസുകളുടെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായി ഇതിനോടകം ആനയറയിലെ കെഎസ്ആര്‍ടിസി- സിഫ്റ്റിന്റെ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. പെര്‍മിറ്റ് ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടികളും പൂര്‍ത്തിയായി. ഇവിടെ എത്തിച്ചേര്‍ന്ന 99 ബസുകളില്‍ 28 എണ്ണം എ.സി ബസുകളാണ്. അതില്‍ 8 എണ്ണം എ.സി സ്ലീപ്പറും, 20 ബസുകള്‍ എ.സി സെമി സ്ലീപ്പര്‍ ബസുകളുമാണ്. കേരള സര്‍ക്കാര്‍ ആദ്യമായാണ് സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ നിരത്തില്‍ ഇറക്കുന്നത്. കെഎസ്ആര്‍ടിസി- സിഫ്റ്റിന്റെ ബസുകള്‍ മികച്ച നിലവാരത്തിലുള്ള യാത്രാനുഭവം പ്രദാനം ചെയ്യുന്നവയാണെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു.
കെ.എസ്.ആര്‍.ടി.സി – സ്വിഫ്റ്റ് ബസിന്റെ നിറത്തോട് യോജിക്കുന്ന ഇളം ഓറഞ്ച് നിറമുള്ള ഷര്‍ട്ടും കറുത്ത നിറത്തിലുള്ള പാന്റുമാണ് യൂണിഫോമായി ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ജീവനക്കാര്‍ക്ക് നല്‍കുക. ഇതില്‍ ബസ് ഡ്രൈവ് ചെയ്യുന്നവര്‍ പി – ക്യാപ്പും ധരിക്കും. ജീവനക്കാരുടെ നെയിം ബോര്‍ഡിനൊപ്പം, കെ.എസ്.ആര്‍.ടി.സി – സ്വിഫ്റ്റിന്റെ ചിഹ്നവും യൂണിഫോം സ്‌പോണ്‍സര്‍ ചെയ്ത കമ്പനിയുടെ ലോഗോയും പതിപ്പിച്ചിട്ടുണ്ട്.
വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി.യും, കെ.എസ്.ആര്‍.ടി.സി – സ്വിഫ്റ്റും സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും. സംസ്ഥാനത്തിനകത്തും അന്തര്‍ സംസ്ഥാന റൂട്ടുകളിലുമാണ് യാത്രക്കാരുടെ ആവശ്യാര്‍ത്ഥം യഥേഷ്ടം സര്‍വ്വീസുകള്‍ നടത്തുന്നത്. ആകെ 34 സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ സാധാരണ സര്‍വ്വീസ് നടത്തുന്നതില്‍ അധികമായി ഈ അവധികാലത്ത് കൂടുതല്‍ സര്‍വ്വീസുകളും നടത്തും. ഏപ്രില്‍ 11 മുതല്‍ 18 വരെ ഈ സര്‍വ്വീസുകള്‍ക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പ്രധാന റൂട്ടുകളില്‍ അധിക സര്‍വ്വീസുകളും, ഹ്രസ്വ ദൂര – ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ യാത്രക്കാരുടെ ബാഹുല്യം അനുസരിച്ചും ഏപ്രില്‍ 12,13 തീയതികളിലും 17,18 തീയതികളിലും ക്രമീകരിച്ചിട്ടുണ്ട്.