കെഎസ്ആര്‍ടിസി ബസുകളില്‍ ചില്ലറക്ക് വേണ്ടി കണ്ടക്ടറും യാത്രക്കാരും തമ്മിൽ പതിവാകുന്ന തര്‍ക്കം അവസാനിക്കുന്നു. ഇനി മുതല്‍ ഫോണ്‍ പേ വഴിയോ മറ്റ് ഒാണ്‍ലൈന്‍ മാര്‍ഗ്ഗങ്ങളിലൂടെയോ ടിക്കറ്റ് എടുക്കാം. ക്യൂ ആര് കോഡ് വഴി പണം അടയ്ക്കാനുള്ള സംവിധാനത്തിന് ഗതാഗതവകുപ്പു മന്ത്രി ആന്റണി രാജുവാണ് തുടക്കമിട്ടത്.
ഏറെ നാളത്തെ കെഎസ്ആര്‍ടിസി യാത്രക്കാരുടെ ആവശ്യത്തിനാണ് പുതിയ സംവിധാനത്തിലൂടെ പരിഹാരമായത്. ഇതിന്റെ ആദ്യഘട്ടമായി സൂപ്പര്‍ ക്ലാസ് ബസുകളിലാണ് ടിക്കറ്റ് ചാര്‍ജ് ഫോണ്‍ പേ വഴി നല്‍കാനുള്ള സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ഗതാഗത മന്ത്രിയുടെ ചേംബറില്‍ ഇങ്ങനെ ആദ്യ ടിക്കറ്റെടുത്തായിരുന്നു ഉദ്ഘാടനം.
സ്വകാര്യ ബസുകളില്‍ ചലോ കാര്‍ഡ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗത്തിലായിട്ട് വര്‍ഷങ്ങള്‍ ഏറെയായി. എന്നാല്‍ കെഎസ്ആര്‍ടിസിയില്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കണം എന്ന് യാത്രക്കാര്‍ ദീര്‍ഘനാളായി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസിയുടെ പുതിയ സംവിധാനം. വരും നാളുകളില്‍ എല്ലാ ബസുകളിലും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ആദ്യ പടിയായാണ് സൂപ്പര്‍ ക്ലാസ് ബസുകളില്‍ ഇത് നടപ്പാക്കുന്നത്.