കേരള സാങ്കേതിക സര്‍വ്വകലാശാല (കെ. ടി. യു) വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആശ്വാസം. സിസ തോമസിന്‍റെ നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് കോടതി അംഗീകരിച്ചത്. വിസി -യെ നിയമിക്കേണ്ടത് സര്‍ക്കാരാണെന്നും നിയമനവുമായി സര്‍ക്കാരിനു മുന്നോട്ടുപോകാമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കെടിയു വൈസ് ചാന്‍സിലറായുള്ള സിസ തോമസിന്‍റെ നിയമനം താത്ക്കാലികമാണെന്ന് കോടതി പറഞ്ഞു. ചട്ടപ്രകാരമുളള നടപടികള്‍ പൂര്‍ത്തിയാക്കിയുളള നിയമനമല്ല സിസ തോമസിന്റേത്. പ്രത്യേക സാഹചര്യത്തില്‍ ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ നിയമനമാണു ഇതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, സര്‍വ്വകലാശാലയുടെ പുതിയ വിസി ആരാകണമെന്ന് നിര്‍ദ്ദേശിക്കാനുളള അവകാശം സംസ്ഥാന സര്‍ക്കാരിനാണെന്നും കോടതി പറഞ്ഞു.
സിസാ തോമസിന്‍റേത് താത്ക്കാലിക നിയമനം ആയതിനാലാണ് കോവാറന്‍റോ പുറപ്പെടുവിക്കാത്തത്. സര്‍വ്വകലാശാലയില്‍ പുതിയ വിസി -യെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പുതിയ പാനല്‍ സമര്‍പ്പിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.