Monday, November 25, 2024

രജതജൂബിലി നിറവിൽ കുടുംബശ്രീ

ദാരിദ്ര്യ നിർമാർജ്ജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് 1998 മെയ് 17 ന് രൂപം കൊണ്ട കുടുബശ്രീ സംവിധാനത്തിന് ഇന്ന് രജത ജൂബിലി. വീട്ടകങ്ങളിൽ ഒതുങ്ങിനിന്ന അനേകായിരം സ്ത്രീ സ്വപ്നങ്ങൾക്ക് വർണ്ണം നൽകിയ ഒന്നാണ് കുടുംബശ്രീ സംവിധാനം. കേരളത്തിലെ സാധാരണക്കാരായ സ്ത്രീജീവിതങ്ങളിൽ വിപ്ലവം സൃഷ്ടിക്കുവാൻ കുടുംബശ്രീയുടെ കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്.

ലഘുസമ്പാദ്യ വായ്പാ സംഘങ്ങൾ എന്ന നിലയിൽ തുടക്കത്തിൽ രൂപം നൽകിയ സംവിധാനം ഇന്ന് പ്രാദേശിക സർക്കാരുകളുടെ വികസന പങ്കാളിയാണ്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന മൈക്രോ ഫിനാൻസ് പദ്ധതിയുടെ ഭാഗമായി വലിയ നിക്ഷേപമാണ് അയൽക്കൂട്ടങ്ങളുടേതായി സംസ്ഥാനത്തെ വിവിധ ബാങ്കുകളിലുള്ളത്. ഇത് ചെറിയ കാര്യമൊന്നുമല്ല.

ഒരു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലായി 46.16 ലക്ഷം അംഗങ്ങളാണ് സംസ്ഥാനത്തുള്ളത്. വിവിധ ബാങ്കുകളിലായി 8029.47 കോടിയുടെ നിക്ഷേപം. വിവിധ പ്രവർത്തനങ്ങൾക്കായി ബാങ്കുകളിൽനിന്ന് 25, 895 കോടിയുടെ വായ്പ. 13,316 കൂട്ടുസംരംഭകർ, 2,25,600 വനിതാ കർഷകരുൾപ്പെട്ട 46,444 സംഘകൃഷി ഗ്രൂപ്പ്, 54,000 ബാലസഭ, 74 ഐ ടി യൂണിറ്റ്, 21 ട്രെയിനിംഗ് ഗ്രൂപ്പ് എന്നിങ്ങനെ വിവിധ മേഖലകളിലായി പടർന്നു പന്തലിക്കുകയാണ് കുടുംബശ്രീ.

കുടുംബശ്രീ മുഖേന നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ 1,08,464 സൂക്ഷ്മസംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ എല്ലാമായി രണ്ടുലക്ഷത്തോളം സ്ത്രീകൾ അംഗങ്ങളുമാണ്. കാർഷിക മേഖല, ഭക്ഷ്യസുരക്ഷ, പ്രാദേശിക സാമ്പത്തിക വികസനം തുടങ്ങിയ എല്ലാ സാമൂഹ്യ-വികസന മേഖലകളിലും കുടുംബശ്രീക്കു നിർണ്ണായകമായ ഒരു സ്ഥാനം ഉണ്ട് എന്നത് വിസ്മരിക്കാനാകാത്ത കാര്യമാണ്.

വനിതകളുടെ തൊഴിൽ വൈദഗ്ധ്യശേഷി പ്രയോജനപ്പെടുത്തി സ്വയംതൊഴിൽ, വേതനാധിഷ്ഠിത തൊഴിലുകൾ എന്നിവയിലേക്ക് സ്വപ്‌നങ്ങൾ നഷ്ടപ്പെട്ട കഴിഞ്ഞിരുന്ന അനേകം സ്ത്രീകളെ കൈപിടിച്ചു നടത്തുവാൻ കുടുംബശ്രീയിലൂടെ കഴിഞ്ഞു. ഒപ്പം വിവിധ വകുപ്പുകളുമായും ഏജൻസികളുമായും ചേർന്ന് നടപ്പാക്കിയ കുടുംബശ്രീയുടെ പല പദ്ധതികളും ഇന്ന് വിജയത്തിലെത്തി. ജനകീയ ഹോട്ടൽ, ന്യൂട്രിമിക്‌സ്, ഹരിതകർമസേന, വനിതാ കെട്ടിട നിർമാണ യൂണിറ്റുകൾ തുടങ്ങിയവയെല്ലാം വിജയക്കൊടി പാറിക്കുകയാണ്.

 

Latest News