മണിപ്പൂരിലെ ചുരാചന്ദ്പുരിലും കാങ്പോക്പിയിലും അതിക്രമിച്ചുകടന്ന മെയ്തെയ് സായുധസംഘങ്ങൾക്കു മുന്നറിയിപ്പ് നൽകി കുക്കി ഗ്രാമസംരക്ഷണ സേന. അതിക്രമിച്ചു കയറിയ സംഘം മൂന്നു ദിവസത്തിനകം പിൻവാങ്ങിയില്ലെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് മുന്നറിയിപ്പ്.
കുക്കി മേഖലകളിലെ പല ഗ്രാമങ്ങളിലും മെയ്തെയ് തീവ്രവാദ സംഘടനയായ ആരംഭായ് തെംഗോൽ സംഘങ്ങൾ തമ്പടിച്ചിട്ടുണ്ടെന്നു കുക്കികൾ വെളിപ്പെടുത്തുന്നു. അതിനിടയിൽ കഴിഞ്ഞ ദിവസം ഇംഫാൽ വെസ്റ്റിൽ ആളൊഴിഞ്ഞ 5 വീടുകൾക്ക് മെയ്തെയ് സായുധസംഘം തീയിട്ടിരുന്നു. ഇതോടെ ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകാനുള്ള സാധ്യതകൾ വർധിച്ചിരിക്കുകയാണ്. സംഘർഷാവസ്ഥ കനത്തതോടെ ഇംഫാൽ വെസ്റ്റിൽ പൊലീസിന്റെയും കേന്ദ്ര സേനയുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.
സാഹചര്യങ്ങൾ വഷളാകുന്ന അവസ്ഥയിൽ നിലവിൽ സമാധാന ചർച്ചകൾക്ക് സാധിക്കുകയില്ലെന്നും കേന്ദ്രത്തിന്റെ ഇടപെടൽ വേണമെന്നും മധ്യസ്ഥ ചർച്ചയ്ക്കു നിയോഗിച്ച നാഗാ എംഎൽഎ ദിംഗൻഗ്ലുങ് ഗാംഗമെയി വെളിപ്പെടുത്തി. കൂടാതെ ആക്രമണം കൂടുതൽ തീവ്രമായ രീതിയിലേക്കു കിടക്കുകയാണെന്നും അതിനു തെളിവാണ് ഡ്രോൺ ഉപയോഗിച്ച് കഴിഞ്ഞ ദിവസം നടന്ന ആക്രമണം എന്നും സുരക്ഷാ സേന വെളിപ്പെടുത്തുന്നു. ഈ ആക്രമണത്തിൽ രണ്ടു പേർ മരിച്ചിരുന്നു.