നാല് പതിറ്റാണ്ടിലേറെയായി തുർക്കിയുമായി രക്തരൂക്ഷിതമായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പികെകെ) എന്ന തീവ്രവാദ സംഘടന പിരിച്ചുവിടാനും സായുധ പോരാട്ടം അവസാനിപ്പിക്കാനും തീരുമാനിച്ചതായി ഗ്രൂപ്പ് അംഗങ്ങളും തുർക്കി നേതാക്കളും അറിയിച്ചു. തീവ്രവാദ സംഘടനയുടെ പേരിൽ നടത്തിയിരുന്ന എല്ലാ പ്രവർത്തനങ്ങളും അവസാനിച്ചതായി തിങ്കളാഴ്ച പ്രസ്താവനയിൽ നേതാക്കൾ പറഞ്ഞു.
ഇറാഖ്, സിറിയ, ഇറാൻ എന്നിവിടങ്ങളിലെ എല്ലാ പികെകെ അനുബന്ധ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാകുമോ എന്ന് പ്രസ്താവന വ്യക്തമാക്കിയിട്ടില്ല. നിരായുധീകരണം എങ്ങനെ നടത്തുമെന്നോ നിലവിലുള്ള പോരാളികൾക്ക് എന്ത് സംഭവിക്കുമെന്നോ പ്രസ്താവനയിൽ വിശദീകരിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ച നടന്ന ഒരു കോൺഗ്രസിൽ പികെകെ എടുത്ത തീരുമാനം നാറ്റോ അംഗമായ തുർക്കിയുടെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത വർദ്ധിപ്പിക്കുകയും അയൽരാജ്യമായ ഇറാഖിലെയും സിറിയയിലെയും സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അവിടെ കുർദിഷ് സേന, യുഎസ് സേനയുമായി സഖ്യത്തിലാണ്.