Monday, November 25, 2024

കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക റൂട്ട്‌സ്; ഏഴ് മലയാളികള്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍

കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ചെന്ന് വ്യക്തമാക്കി നോര്‍ക്ക റൂട്ട്‌സ്. ഏഴ് മലയാളികള്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണെന്നും ആകെ 49 പേര്‍ മരിച്ചെന്നുമാണ് നോര്‍ക്ക അറിയിച്ചത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എന്‍.ബി.ടി.സിയിലെയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലേയും ജീവനക്കാരാണ് ദുരന്തത്തില്‍ പെട്ടത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന നടത്തും. അതേസമയം മൃതദേഹങ്ങള്‍ പരമാവധി വെള്ളിയാഴ്ച തന്നെ നാട്ടിലെത്തിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് എന്‍.ബി.ടി.സി മാനേജ്‌മെന്റ് അറിയിച്ചു.

ജീവഹാനി സംഭവിച്ച ജീവനക്കാരുടെ കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും എല്ലാ നഷ്ടപരിഹാരങ്ങളും പരമാവധി കൈമാറാന്‍ എന്‍.ബി.ടി.സി പ്രതിജ്ഞാബദ്ധമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍ ജീവനക്കാര്‍ക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തിയതായും മാനേജ്‌മെന്റ് വ്യക്തമാക്കി.

 

Latest News