കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീ പിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക. മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി കീര്ത്തി വര്‍ധന്‍ സിങ് പറഞ്ഞു.
മംഗഫിലെ കമ്പനി ഫ്‌ലാറ്റില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 11 മലയാളികള്‍ അടക്കം 49 പേരാണ് മരിച്ചത്. ഇതില്‍ 10 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ 40 പേരും ഇന്ത്യക്കാരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 50ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഏഴ് പേരുടെ നില അതീവ ?ഗുരുതരമാണ്. സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.
ഇരയായവരെക്കുറിച്ച് ബന്ധുക്കള്‍ വിവരങ്ങള്‍ കൈമാറാന്‍ സ്ഥാനപതി കാര്യാലയം ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. നമ്പര്‍+965-65505246. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം അനുശോചിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ത്യന്‍ എംബസിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.
പന്തളം സ്വദേശി ആകാശ് എസ്.നായര്‍ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീന്‍ ഷമീര്‍ (33), കാസര്‍കോട് ചെര്‍ക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരന്‍(54), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു (29), കൊല്ലം വെളിച്ചിക്കാല വടക്കോട് വിളയില്‍ ലൂക്കോസ് (സാബു-45), പുനലൂര്‍ നരിക്കല്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്, കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ് (56), എന്‍.ബി.ടി.സി. ഗ്രൂപ്പിലെ പ്രൊഡക്ഷന്‍ എന്‍ജിനിയര്‍ തൃക്കരിപ്പൂര്‍ എളംബച്ചി സ്വദേശി കേളു പൊന്മലേരി എന്നിവരാണ് മരിച്ചത്.
പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തീ പിടിത്തത്തെ തുടര്‍ന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. അപകടം നടന്നത് രാവിലെ ആയതും മരണ സംഖ്യ ഉയരാന്‍ കാരണമായി. എന്‍ബിടിസി കമ്പനിയിലെ തൊഴിലാളികളായ 195 പേര്‍ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയില്‍ സുരക്ഷാജീവനക്കാരന്റെ മുറിയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം. താഴത്തെ നിലയില്‍ തീ പടര്‍ന്നതോടെ മുകളിലുള്ള ഫ്‌ലാറ്റുകളില്‍നിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. കെട്ടിടത്തില്‍നിന്നു ചാടിയവരില്‍ ചിലരുടെ പരുക്ക് ഗുരുതരമാണ്.